വ്യാജ ആപ്ലിക്കേഷനുകള്‍ തിരിച്ചറിയാനുള്ള വഴികള്‍

ലക്ഷക്കണക്കിന് ആപ്പുകളാണ് അനുദിനം അവതരിക്കുന്നത്. അതിനാൽ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. പ്ളേ സ്റ്റോർ ആപ്പ് സ്റ്റോർ തുടങ്ങി പ്രമുഖ കമ്പനികളുടെ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ കാണുന്നു എന്ന് കരുതി അവ നിയമാനുസൃതമുള്ള ആപ്പ് ആകണമെന്നില്ല. ഉപഭോക്താക്കളിൽ സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ കാഴ്ചയിലും പ്രവർത്തനത്തിലും ഒറിജിനൽ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകൾ. നമ്മെ അലോസരപ്പെടുത്തുന്ന രീതിയിൽ വാണിജ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുക, സ്വകാര്യ വിവര മോഷണം തുടങ്ങിയവ മാത്രമല്ല ഇത്തരം വ്യാജ അപ്പുകൾ നമ്മുടെ മൊബൈൽ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുകയും ചിത്രങ്ങൾ എടുക്കാനും പിൻ, പാസ്സ്‌വേർഡ് സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിനും കഴിയുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പ് യാഥാർത്ഥമാണോ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കാറില്ല. വാട്സാപ്പ് തുടങ്ങിയ പ്രശസ്തമായ ആപ്പുകളെ പോലും അനുകരിക്കുന്ന രീതിയിലുള്ള വ്യാജന്മാരെ കൃത്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യപ്പെടാത്തത് മൂലം പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇവ കാണപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഹാനികരമാകുന്ന രീതിയിൽ വ്യക്തികളുടെ ഐഡന്റിറ്റി വരെ വ്യാജ ആപ്പുകൾക്ക് ചോർത്താൻ കഴിയും.

സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. ചില ആപ്പുകൾ അതിന്റെ ഡവലപ്പറുടെ ബ്രാൻഡ് പേര് തന്നെ ആപ്പിന്റെ പേരായി ഉപയോഗിക്കാറുണ്ട്. ആപ്പിന്റെ പേരിൽ സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങൾ നല്കിയിട്ടുള്ളവയിൽ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്.

ഉപയോക്താക്കളുടെ മൊബൈലിൽ കൂടുതൽ നിയന്ത്രണങ്ങൾ നേടിയെടുക്കുന്നതിനായി ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് വ്യാജ ആപ്പുകൾ യഥാർത്ഥ ആപ്പുകളേക്കാൾ കൂടുതൽ പെർമിഷനുകൾ ആവശ്യപ്പെടുന്നു.

അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ നൽകുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്സ്‌വേർഡ്, സ്റ്റോറേജ് ഉൾപ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നു.

?ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോൺ നമ്പറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌൺലോഡ് ചെയ്യാതിരിക്കുക.

?ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷവും അതിന് മുൻപും, നൽകിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകൾ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക.

?പ്ളേ / ആപ്പ് സ്റ്റോറിൽ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക. റേറ്റിങ് മനസിലാക്കുക. വ്യാജ ആപ്പിന് യൂസർ റിവ്യൂ ഉണ്ടാകില്ല. യഥാർത്ഥ ആപ്പിന് നൂറുകണക്കിന് റിവ്യൂ ഉണ്ടാകും.

?ആപ്പുകൾ പ്ളേ സ്റ്റോറിൽ പബ്ലിഷ് ചെയ്ത തിയതി ശ്രദ്ധിക്കുക. വ്യാജ ആപ്പ് പബ്ലിഷ് ചെയ്തത് ഏറ്റവും അടുത്ത തിയതിയാവും. എന്നാൽ യഥാർത്ഥ ആപ്പിന്റെ പബ്ലിഷിംഗ് തിയതി അപ്‌ഡേറ്റഡ് ആയിരിക്കും.

?വ്യാജന്മാർ ഉപഭോക്താക്കൾക്ക് സംശയം തോന്നാതിരിക്കാൻ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കൺ ചിത്രങ്ങൾ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്. സംശയം തോന്നിയാൽ അവരുടെ വെബ്‌സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.

https://www.facebook.com/124994060929425/posts/3559813200780810/

Comments (0)
Add Comment