ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന നാവിഗേഷൻ ആപ്പായ ഗൂഗ്ൾ മാപ്സിൽ കൂടുതൽ ഫീച്ചറുകൾ കൂടിയെത്തുന്നു. വൈകാതെ യൂസർമാർക്ക് മാപ്പിൽ ഇതുവരെയില്ലാത്ത പല ഭേദഗതികൾ വരുത്താനും വരച്ചുചേർക്കാനും സാധിച്ചേക്കും. ഗൂഗ്ൾ പുറത്തുവിട്ട പുതിയ ബ്ലോഗ്പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കമ്പനി ആപ്പിൽ പുതിയ സവിശേഷത ചേർക്കാൻ പോവുകയാണ്, അതിലൂടെ ഉപയോക്താക്കൾക്ക് മാപ്പിൽ ഇല്ലാത്ത റോഡുകൾ വരച്ചു ചേർക്കാനും അവരുടെ വിവേചനാധികാരത്തിനനുസരിച്ച് അല്ലെങ്കിൽ മറ്റ് ഉപയോക്താക്കൾക്ക് വേണ്ടി റോഡു പുനഃക്രമീകരിക്കാനും കഴിയും.
ഗൂഗിൾ പുതിയ ഫീച്ചറിനെ “ഡ്രോയിങ്” എന്നാണ് വിളിക്കുന്നതെങ്കിലും മൈക്രോസോഫ്റ്റിന്റെ വിൻഡോസിലുള്ള ‘പെയിന്റ്’ എന്ന ആപ്പിലെ ‘ലൈൻ ടൂൾ’ ഉപയോഗിക്കുന്നതിന് സമാനമാണിത്. തെറ്റായ സ്ഥലപ്പേരുകൾ പുനർനാമകരണം ചെയ്യാനും ഇല്ലാതാക്കാനുംകൂടി അത് സഹായിക്കുന്നു. വരും മാസങ്ങളിൽ 80 ലധികം രാജ്യങ്ങളിൽ ഈ ഫീചർ ലഭ്യമാക്കും.
ലൈനുകൾ വരച്ചുകൊണ്ട് മാപ്പിൽ ഇല്ലാത്ത റോഡുകൾ ചേർക്കുക, വേഗത്തിൽ റോഡുകളുടെ പേര് മാറ്റുക, റോഡിന്റെ ദിശ മാറ്റുക, തെറ്റായി നൽകിയ റോഡുകൾ പുനഃക്രമീകരിക്കാനും ഡിലീറ്റ് ചെയ്യാനും കഴിയുക, -തുടങ്ങിയ സവിശേഷതകളാണ് ഗൂഗ്ൾ മാപ്സിലേക്ക് വരും ദിവസങ്ങളിൽ ചേർക്കാൻ പോകുന്നത്.
പഴയതുപോല യൂസർമാർ അവർ വരുത്തിയ മാറ്റങ്ങൾ ഗൂഗ്ളിന് അയച്ചുനൽകി കാത്തിരിക്കേണ്ടതായി വന്നേക്കും. ഗൂഗ്ൾ അധികൃതർ അവ കൃത്യമായി പരിശോധിച്ച് ശരിയായ വിവരങ്ങളാണെന്ന് ഉറപ്പാക്കിയതിന് ശേഷമേ മാപ്പിൽ മാറ്റം വരുത്തുകയുള്ളൂ. നിർദ്ദേശം അവലോകനം ചെയ്യാനും തിരുത്തൽ മാപ്പിൽ പ്രതിഫലിപ്പിക്കാനും ഏഴ് ദിവസമെടുക്കും. അതേസമയം, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ തെറ്റായ റോഡുകൾ വരച്ചുചേർത്താൽ ഗൂഗ്ൾ യൂസർമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.