കഴിഞ്ഞ വർഷം 26,100 ഇന്ത്യൻ വെബ് സൈറ്റുകൾ രാജ്യത്ത് ഹാക്ക് ചെയ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. സർക്കാരിന്‍റെ കീഴിലുള്ള സൈബർ സുരക്ഷാ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര ഐ.ടി, ഇലക്ട്രോണിക്സ് സഹമന്ത്രി സഞ്ജയ് ധോത്രെയാണ് പാർലമെന്‍റിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നൽകിയത്. അതിൽ, 110 കേന്ദ്ര മന്ത്രാലയങ്ങളുടെയും 54 വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെ 59 വെബ്‌സൈറ്റുകളും ഉൾപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യൻ സൈബർ സ്പേസിൽ സൈബർ ആക്രമണം നടത്താൻ സമയാസമയങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനായി സൈബർ ആക്രമണകാരികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നും എവിടെ നിന്നാണ് ആക്രമണം നടക്കുന്നതെന്ന് കണ്ടെത്താതിരിക്കാൻ മാസ്‌ക്വറേഡിങ് ടെക്നിക്കുകൾ ഉപയോഗിക്കുകയും യഥാർത്ഥ സിസ്റ്റങ്ങളുടെ ഐഡന്‍റിറ്റി മറയ്ക്കാൻ ഹിഡൻ സെർവറുകളെ ആശ്രയിക്കുകയും ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി.
അതേസമയം, സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സൈബർ ആക്രമണങ്ങൾ തടയുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൈബർ സ്വച്ഛ കേന്ദ്രം പോലുള്ള പ്രധാന സംരംഭങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം പാർലമെന്‍റിനെ അറിയിച്ചു.