ഇന്ത്യ ഉൾപ്പടെയുള്ള 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോർന്നു. പുറത്തായ ഡേറ്റ ഹാക്കർമാർ ഓൺലൈൻ ഫോറങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡേറ്റ സൗജന്യമായി തന്നെ ലഭ്യമാണ്. ചോർന്ന ഡേറ്റയിൽ ഫോൺ നമ്പറുകൾ, ഫെയ്സ്ബുക് ഐഡികൾ, മുഴുവൻ പേരുകൾ, ലൊക്കേഷനുകൾ, ജനനത്തീയതികൾ, ചില ഉപയോക്താക്കളുടെ ഇമെയിൽ ഐഡികൾ എന്നിവ ഉൾപ്പെടുന്നു.
യുഎസിലെ 3.2 കോടിയിലധികം അക്കൗണ്ടുകളും യുകെയിലെ 1.1 കോടിയും ഇന്ത്യയിലെ 60 ലക്ഷം പേരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ചോർന്നിരിക്കുന്ന ഡേറ്റ പഴയതാണെന്നും ഈ പ്രശ്നം 2019 ൽ തന്നെ പരിഹരിച്ചതാണെന്നും ഫെയ്സ്ബുക് വക്താവ് പറഞ്ഞു.
ചോർന്ന ഡേറ്റയ്ക്ക് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും സൈബർ കുറ്റവാളികൾക്ക് ഇത് വിലപ്പെട്ട വിവരങ്ങൾ തന്നെയാണെന്ന് സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്റെ സിടിഒ അലോൺ ഗാൽ പറഞ്ഞു. ഇത്തരം ഡേറ്റകൾ കൈവശമുള്ള ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സൈബർ ആക്രമണത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.