അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ സെർച്ച് സേവനങ്ങളിൽ പുതിയ അപ്‍ഡേയ്റ്റുകൾ അവതരിപ്പിച്ചു. കൊവിഡ്-19 വാക്‌സിൻ, രജിസ്‌ട്രേഷൻ തുടങ്ങിയ സംബന്ധിച്ച് കൂടുതൽ വ്യക്തതയുള്ള വിവരങ്ങൾ നൽകും വിധമാണ് പുതിയ അപ്‍ഡേയ്റ്റുകൾ എന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഗൂഗിളിന്റെ മറ്റൊരു സേവനമായ മാപ്‌സിൽ ഒഴിവുള്ള ഹോസ്പിറ്റൽ ബെഡുകൾ, ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത തുടങ്ങിയ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകും വിധത്തിലും അപ്‍ഡേയ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഗിവ് ഇന്ത്യ, ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷൻ ഇന്ത്യ, ഗൂഞ്ജ്, യുണൈറ്റഡ് വേ ഓഫ് മുംബൈ തുടങ്ങിയ ലാഭേച്ച ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ തങ്ങൾ സഹായിക്കുന്നുണ്ട് എന്ന് ഗൂഗിൾ വ്യകതമാക്കി.
കൊവിഡ് വാക്‌സിൻ, കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ, കൊവിഡ് ട്രീറ്റ്മെന്റ് തുടങ്ങിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട പൊതുവായ സെർച്ചുകൾക്ക് രജിസ്ട്രേഷനെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം വാക്സിൻ സുരക്ഷ, ഫലപ്രാപ്തി, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ കാണിക്കുന്ന വ്യത്യസ്ത പാനലുകൾ പ്രത്യക്ഷപ്പെടും. കോവിഡ് -19 വാക്‌സിനായി രജിസ്റ്റർ ചെയ്യാൻ ജനങ്ങളെ അനുവദിക്കുന്ന സർക്കാറിന്റെ കോവിൻ പോർട്ടലിലേക്കുള്ള ലിങ്കും സെർച്ച് റിസൾട്ടിലുണ്ടാവും.
വാക്‌സിനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക് പുറമേ, പ്രിവൻഷൻ & ട്രീറ്റ്‌മെൻറ് ടാബിന് കീഴിലുള്ള പ്രതിരോധം, സ്വയം പരിചരണം, മാരകമായ അണുബാധയ്ക്കുള്ള ചികിത്സ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഗൂഗിൾ സെർച്ചിൽ പ്രത്യക്ഷപ്പെടും. ഈ വിവരങ്ങൾ അംഗീകൃത മെഡിക്കൽ സ്രോതസ്സുകളിൽ നിന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നുമാണ് ശേഖരിക്കുന്നത് എന്നും ഗൂഗിൾ പറയുന്നു.
കഴിഞ്ഞ വർഷം തന്നെ ജനങ്ങൾക്ക് അവരുടെ അടുത്തുള്ള പരീക്ഷണ കേന്ദ്രങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് സമാനമായ ഒരു ഫീച്ചർ ഗൂഗിൾ സെർച്ചിൽ ഉൾപ്പെടുത്തിയിരുന്നു. മാത്രമല്ല കൊവിഡ്-19 വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ഹോംപേജിൽ ഡൂഡിലും ഗൂഗിൾ ഒരുക്കിയിരുന്നു.
ഗൂഗിൾ സെർച്ചിൽ വാക്സിൻ അപ്ഡേറ്റുകൾ കൂടാതെ യൂട്യൂബിൽ വാക്സിൻ, കൊറോണ വ്യാപന പ്രതിരോധം, ഒപ്പം കൊവിഡ്-19 കെയർ തുടങ്ങിയവയെ സംബന്ധിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന ഒരു പ്ലേയ്ലിസ്റ്റും ഒരുക്കിയിട്ടുണ്ട്. ഈ പ്ലേലിസ്റ്റുകൾ യൂട്യൂബ് ഇന്ത്യ ചാനൽ വഴി കാണാൻ സാധിക്കും.
രാജ്യത്തൊട്ടാകെയുള്ള 23,000 വാക്സിനേഷൻ കേന്ദ്രങ്ങളുടെ ലൊക്കേഷൻ പങ്കിടും വിധത്തിൽ ഗൂഗിൾ സെർച്ചും, ഗൂഗിൾ മാപ്സും പരിഷകരിച്ചിട്ടുണ്ട്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിൽ നിന്നും ലഭ്യമായ ഈ വിവരങ്ങൾ ഇംഗ്ലീഷിലും എട്ട് ഇന്ത്യൻ ഭാഷകളിലും സെർച്ച് ചെയ്യാം. ഇതുവരെ, രാജ്യത്തെ 2,500 ടെസ്റ്റിംഗ് സെന്ററുകളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഗൂഗിളിൽ ലഭ്യമായിരുന്നുള്ളൂ.