കാലിഫോർണിയ : സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന കലാകാരൻമാരും പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാൻഡുകളും ഉപയോഗിക്കുന്ന പേജുകളിൽ നിന്ന് ലൈക്ക് ബട്ടൺ പിൻവലിക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. ബുധനാഴ്ചയാണ് ആഗോള സോഷ്യൽ മീഡിയ ഭീമൻ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ജനുവരി 6 മുതൽ പുതിയ രൂപകൽപ്പന ആരംഭിച്ചു. ഫേസ്ബുക്ക് പുതുതായി നടത്തുന്ന രൂപകൽപനയിലാണ് ഈ മാറ്റം ഉൾക്കൊള്ളുക. ഫോളോവേഴ്സിനെ മാത്രം ആയിരിക്കും ഫേസ്ബുക്ക് പേജ് കാണിക്കുക. ഉപയോക്താക്കൾക്ക് സംഭാഷണങ്ങളിൽ ഏർപ്പെടാനും ആരാധകരുമായി സംവദിക്കാനും ഒരു ന്യൂസ് ഫീഡും ഉണ്ടായിരിക്കുമെന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ആളുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട പേജുകളുമായി ബന്ധപ്പെടുന്നതിനുള്ള രീതി ലളിതമാക്കുന്നതിന് തങ്ങൾ ലൈക്കുകൾനീക്കം ചെയ്യുകയും ഫോളോവേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണെന്ന് പുനഃരൂപകൽപ്പനയെക്കുറിച്ച് അധികൃതർ പ്രസ്താവിച്ചു.