മദ്യപാനത്തെ മഹത്വവൽക്കരിക്കുന്ന വിരുതൻമാരോട് പറയാനുള്ളത്.
സങ്കീ. 75:8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
ഈ വചനം അക്ഷരികമായി വ്യാഖ്യാനിച്ചാൽ യഹോവയുടെ കൈയിലെ പാനപാത്രത്തിൽ വീഞ്ഞും മദ്യവും കൊണ്ട് നിറെഞ്ഞിരിക്കുന്നു. അവൻ അതിൽനിന്നു പകരുന്നു; നീതിമാൻമാർക്ക് നല്ലതും ദുഷ്ടന് മട്ടും കൊടുക്കുന്നു, എന്നൊക്കെയാണ് മദ്യപാനത്തെ ന്യായീകരിക്കുന്നവർ പറത്ത് പഠിപ്പിക്കുന്നത്.. അതുകെണ്ട് യഹോവ ഇങ്ങനെയൊക്കെയാണെങ്കിൽ ഞങ്ങൾ മദ്യം കഴിക്കുന്നതിൽ ഒരു പാപവും ഇല്ല എന്നാണ് ഈ വിഭാഗം ന്യായികരണത്തൊഴിലാളികളുടെ വാദം.
(ഇവിടെ ഈ വചനത്തിന് അക്ഷരീക അർഥമല്ല ആത്മീയ അർഥമാണുള്ളത്. അതായത്, യഹോവ ഒരു പാനപാത്രം കയ്യിൽ പിടിച്ചിരിക്കുന്നു. അതിൽ അവന്റെ കോപത്തിന്റെ വീഞ്ഞ് (ക്രോധമദ്യം )നിറഞ്ഞു നുരെക്കുന്നു. അവൻ അതു ഒഴിച്ചു ദുഷ്ടന്മാരെല്ലാം കുടിക്കുന്നു; അവസാന തുള്ളി വരെ അവർ ( ദുഷ്ടന്മാരെല്ലാം ) അത് കുടിക്കുന്നു.
യഹോവയുടെ കയ്യിലെ പാനപാത്രം എന്നത് ഒരു അലങ്കാരിക വിവരണമാണ്. ഇത് ഒന്നുകിൽ രക്ഷയുടെ പാനപാത്രം ആകുന്നു അല്ലങ്കിൽ ശിക്ഷയുടെ പാനപാത്രം ആകുന്നു എന്ന് മറ്റ് ഇണ വചനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. റോമ. 6:16 …ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
സങ്കീ.116:13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. യിരേ.25:15 യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്റെ കയ്യിൽനിന്നു വാങ്ങി ഞാൻ നിന്നെ അയക്കുന്ന ജാതികളെ ഒക്കെയും കുടിപ്പിക്ക. വെളി. 18:3 അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാർ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളെപ്പിന്റെ ആധിക്യത്താൽ സമ്പന്നരാകയും ചെയ്തു.
പഴയനിയമ പുസ്തകത്തിൽ മദ്യത്തിന്റെ ഭവിഷത്തിനെക്കുറിച്ച് ഇപ്രകാരം എഴിതപ്പെട്ടിരിക്കുന്നു. സദൃ.20:1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
സദൃ. 31:6 നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക. യെശ.5:11 അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
ഹോശ.4:18 മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു.( മദ്യപാനം മറ്റ് പാപ പ്രവൃത്തികളെ ഉളവാക്കുന്നു.
പുതിയ നിയമത്തിലേയ്ക്ക് വരുമ്പോൾ മദ്യത്തെക്കാൾ വലിയ ആത്മീയ ആനന്തമാണ് ദൈവവചനത്തിലൂടെ നാം പ്രാപിക്കുന്ന പരിശുദ്ധാത്മാവിനാൽ പകരപ്പെടുന്നത്. റോമ.14:17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
യിരേ.15:16 ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
കാനായിലെ കല്ല്യാണത്തിന് യേശുക്രസ്തു പച്ചവെള്ളത്തെ ലഹരി പിടിപ്പിക്കുന്ന വീഞ്ഞാക്കി. (എന്നാൽ അന്ന് കർത്താവ് ഉണ്ടാക്കിയത് ലഹരിയില്ലാത്ത മുന്തിരിച്ചാറാണെന്ന് ചിലർ പഠിപ്പിക്കുന്നുണ്ട് എങ്കിലും അത് ലഹരിയുള്ളതായിരുന്നു എന്ന് ഈ വചനത്തിൽ നിന്നും വ്യക്തമാണ്.
യോഹ.2:10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.)
കാനായിലെ കല്ല്യാണത്തിന് യേശുക്രസ്തു പച്ചവെള്ളഞ്ഞ ലഹരി പിടിപ്പിക്കുന്ന വീഞ്ഞാക്കി അതുകൊണ്ട് മദ്യം കഴിക്കുന്നത് പാപമല്ല എന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളതിതാണ്. പെന്തിക്കോസ്ത് നാളിൽ പരിരുദ്ധാത്മാവിനാൽ സ്നാനം ഏറ്റവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നവരെപ്പോലെ കാണപ്പെട്ടു. പ്രവൃ. 2:13 ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.
(ഇതോടെ മദ്യലഹരി എന്നത് മാറി ദൈവവചനത്തോടുള്ള ലഹരിയായിത്തീർന്നു.) യിരേ 23:9 യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.( ഇപ്രകാരം ദൈവത്തിന്റെ വിശുദ്ധവചനങ്ങൾ നിമിത്തം ലഹരിപിടിച്ചവർ ആരും പിന്നിട് കൃത്രിമമായ ലഹരികൾ ഉപയേഗിക്കാറില്ല.)
മദ്യപാനത്തെ വിലക്കുന്ന അനേകം വചനങ്ങൾ പുതിയ നിയമത്തിലുണ്ട്.
1) ലൂക്കോ. 21:34 നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
2) 1 കൊരി. 5:11-13 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.
(ഈ വചനം അനുസരിച്ച് പാപത്തിൽനിന്ന് ക്രിസ്തുയേശുവിൽ രക്ഷിക്കപ്പെട്ടതിന് ശേഷം മനപ്പൂർവ്വം പാപം ചെയ്യുന്നവരെ ദൈവസഭയ്യ്ക്ക് പുറത്താക്കണം എന്നതാണ് കല്പന.)
3 ) 1 കൊരി 6:10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
4 ) 1 പത്രൊ 4:3 – 4 കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.
5) എഫെ. 5:18-20 വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
ബൈബിളിലെ വചനങ്ങൾ പലരും ആത്മീയമായി പരുശുദ്ധാത്മാവിന്റെ കൃപയായ വെളിപ്പാടിനാൽ മനസ്സിലാക്കാതെ സ്വന്ത ബുദ്ധിയിൽ വ്യാഖ്യാനിച്ചതുകൊണ്ട് വലിയ തമാശകൾ ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ മൂത്രം കുടിയനായ ഒരു പ്രശസ്ത നേതാവിനോട് പത്രക്കാർ ചോദിച്ചു താങ്കൾ എന്ത് കാരണത്താൽ ആണ് മൂത്രം കുടിക്കുന്നത്? നേതാവിന്റെ മറുപടി ഇപകാരമായിരുന്നു. ബൈബിളിൽ ഇപ്രകാരം എഴുതിയിട്ടില്ലേ.. സദൃ. 5:15 -17 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു. (ഇവിടെ അക്ഷരീക അർഥമല്ല ആത്മീയ അർഥമാണുള്ളത്. ഒരു പുരുഷന് ഒരു ഭാര്യ മതിയെന്നും അവിഹിത ബന്ധം പാടില്ല എന്നതാണ് ഇവിടുത്തെ ആത്മീയ അർഥം.)
അതുപോലെ തന്നെ ഹസ്തരേഖാശാസ്ത്രം (കൈനോട്ടം)വചനാധിഷ്ഠിതമാണന്ന് സ്ഥാപിക്കാൻ കൈനോട്ടക്കാർ എടുക്കുന്ന വചനം ഇതാണ്.
സദൃ. 3:16 അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. ( ഇവിടെ ദൈവീക ജ്ഞാനത്തെക്കുറിച്ചാണ് ആലങ്കാരിക ഭാഷയിൽ എഴുതിയിരിക്കുന്നത്. ദൈവീക ഞാനം പ്രാപിച്ചാൽ അഭിവൃത്തി ഉണ്ടാകും എന്നാണ് അർഥം)സദൃ. 1:7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
സങ്കീ. 34:5 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
ക്രിസ്തു എന്ന വാക്കിന്റെ അർഥം അഭിഷിക്തൻ എന്നാണ്. എത്ര വലിയ ബൈബിൾ പണ്ഡിതൻ ആണെങ്കിലും പരിശുദ്ധാത്മ അഭിഷേകവും വീണ്ടും ജനനവും പ്രാപിക്കാത്തവർ ( ദൈവാനുഭവം ഇല്ലാത്തവർ) ദൈവവചനം പ്രസംഗിച്ചാൽ അത് അക്ഷരത്തിന്റെ ശുശ്രൂഷ മാത്രമെ ആവുകയുള്ളു. 2 കൊരി. 3:6 അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
( പാസ്റ്റർ ബാബു പയറ്റനാൽ ‘)