ഒരു പേരിലെന്തിരിക്കുന്നു?
വേദപുസ്തക കാലഘട്ടത്തിൽ, ഒരു വ്യക്തിയുടെ നാമം ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചോ അവരുടെ പദവിവിയെക്കുറിച്ചോ എന്തെങ്കിലും പറയുന്നു. ഉൽപ്പത്തി പുസ്തകത്തിൽ ദൈവം അബ്രാം എന്ന് പേര് മാറ്റി അബ്രാഹാം എന്നാക്കി. സാറായി എന്ന പേര് മാറ്റി സാറാ എന്നാക്കി മാറ്റി. ഇപ്രകാരം ദൈവം അവരുടെ പേരുകൾ മാറ്റിയതിനു ശേഷമാണ് അവർക്ക് ദൈവീക വാഗ്ദത്തങ്ങൾ നൽകപ്പെട്ടത്. ഉല്പ.17:5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹു ജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.
ഉല്പ.17:15 – 16 ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം.
ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
അബ്രാം എന്നാൽ “ഉന്നതനായ പിതാവ്” എന്നാണ് അർത്ഥമാക്കുന്നത്. അബ്രഹാം എന്നാൽ “അനേകം ജാതികളുടെ പിതാവ്” എന്നതാണ്. ദൈവത്തിന്റെ വലിയ കുടുംബത്തെ സംരക്ഷിക്കുന്ന തന്റെ പങ്ക് നിറവേറ്റാൻ അബ്രഹാം പിന്നീട് ശ്രമിക്കുന്നു. “എന്റെ രാജകുമാരി” എന്ന് അർത്ഥമുള്ള സാറായ്, “ (എല്ലാവരുടെയും) രാജകുമാരി” എന്ന അർഥത്തിൽ സാറ ആയിത്തീരുകയും ചെയ്യ്തു. അബ്രാഹത്തിനും സാറായ്ക്കും ലഭിച്ച വാഗ്ദത്തത്തിൽ അവിശ്വസിക്കാതെ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവർ ദൈവത്തിന് മഹത്വം കൊടുത്തു. അങ്ങനെ അവർ ദൈവസന്നിധിയിൽ നീതികരിക്കപ്പെട്ട വരായി.
സത്യദൈവത്തെ അറിയുന്നതിനു മുമ്പ് യാക്കോബ് ഒരു ഉപായി ആയിരുന്നു. ദൈവം യാക്കോബിന്റെ പേര് ഇസ്രായേൽ എന്നാക്കി മാറ്റി. ബൈബിളിലുടനീളമുള്ള പ്രാഥമിക വിഷയം മനുഷ്യരാശിയുടെ വീണ്ടെടുപ്പാണ്, ഇസ്രായേൽ ആ ചരിത്ര സംഭവങ്ങളുടെ കേന്ദ്രമാണ്. ഇസ്രായേൽ എന്ന വാക്കിന്റെ അർഥം ദൈവത്തോട് വാദിക്കുക,ദൈവത്തോട് മൽപ്പിടുത്തം നടത്തുക, ദൈവത്താൽ വിജയിക്കുക എന്നൊക്കെയാണ്.
ഒരു ദൈവീക പദ്ധതിക്കായി ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്റെ ജനമാണ് ഇസ്രായേൽ. ഇസ്രായേൽ ആത്യന്തികമായി അർത്ഥമാക്കുന്നത് (ദൈവത്തിന്റെ ജനം) എന്നാണ്. യെശ.1:3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.
ദാവീദ് എന്ന പേരിന്റെ അർത്ഥം “പ്രിയപ്പെട്ടവൻ” എന്നാണ്. ദാവീദിന്റെ ജീവിതത്തിൽ പല വീഴ്ചകളും പരാജയങ്ങളും ഉണ്ടായെങ്കിലും അവൻ അതെല്ലാം ദൈവത്തോട് ഏറ്റുപറഞ്ഞു ഉപേക്ഷിച്ച് ദൈവഹിതം അനുസരിച്ചുകൊണ്ട്, ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായിട്ടാണ് അവൻ അറിയപ്പെടുന്നത്. പ്രവൃ.13:22 അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
ഒരു പേരിൽ എന്തിരിക്കുന്നു എന്ന വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിൻറ നാമം എന്താണ് എന്നതാണ്. പഴയനിയമത്തിൽ ദൈവത്തിൻറ നാമം യഹോവ എന്നാകുന്നു. യെശ. 42:8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.
ദൈവപുത്രൻ ദൈവത്തിന്റെ സാന്നിധ്യമായി ലോകത്തിലേക്ക് മനുഷ്യശരീരം സ്വീകരിച്ച് വന്നപ്പോൾ അവന് ഒരു പേർ നൽകി: യേശു… മത്താ. 1:21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
യേശു എന്നാൽ രക്ഷകൻ എന്നാണ്. അവന്റെ പേർ ഇമ്മാനുവേൽ എന്ന് വിളിക്കും എന്ന് യെശയ്യാ പ്രവാചകൻ പ്രവചിച്ചിരുന്നു. ഇമ്മാനുവൽ എന്ന പേരിൻറ അർത്ഥം (ദൈവം നമ്മോടുകൂടെ ) എന്നാണ്, യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ യേശുവിനെ ആരും അക്ഷരീകമായി ഇമ്മാനുവേൽ എന്ന് വിളിച്ചിട്ടില്ല, എന്നാൽ ഇമ്മാനുവൽ പ്രവചനം അക്ഷരീകമായല്ല ആത്മീയമായാണ് യേശുവിൽ നിറവേറിയത്.
ആത്മാവായ ദൈവം യേശുക്രിസ്തുവിൽ മനുഷ്യശരീരം സ്വീകരിച്ച് മനുഷ്യരോടെത്ത് വസിച്ച് അവരോട് സ്വർഗ്ഗപിതാവിൻറെ ഇഷ്ടം അറിയിച്ചപ്പോൾ ദൈവം നമ്മോടുകൂടെ എന്ന ഇമ്മാനുവൽ പ്രവചനം പൂർണ്ണമായി യേശുക്രിസ്തു നിറവേറ്റുകയായിരുന്നു. യോഹ. 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു….. ഇപ്രകാരം യഹോവയാം ദൈവം യേശുക്രിസ്തുവായി, വചനമായി, മനുഷ്യരുടെ ഇടയിൽ പാർത്തപ്പോൾ ഇമ്മാനുവേൽ = ദൈവം നമ്മോടു കൂടെ എന്ന പ്രവചനം നിവൃത്തിയായി.
ദൈവീക പ്രവചനങ്ങൾ പലപ്പോഴും അക്ഷരീക അർഥത്തിലല്ല അത്മീയ അർഥത്തിലാണ് പൂർത്തിയാകുന്നത്. ഉദാഹരണമായി മിശിഹാ വരുന്നതിന് മുന്നോടിയായി ഏലീയാവു വന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും എന്ന് മലാഖി പ്രവാചകൻ പ്രവചിച്ചു. എന്നാൽ ഏലിയാവ് അക്ഷരീകമായി വന്നില്ല. യേശുകർത്താവ് ഇതിനെക്കുറിച്ച് പറഞ്ഞത് സ്നാപകയോഹന്നാനാണ് ഏലിയാവ് എന്നാണ്. യോഹന്നാൻ ഏലിയാവിന്റെ ആത്മാവോടുകൂടെ വന്നു എന്നതാണ് അതിൻറ അർത്ഥം എന്ന് നമുക്ക് മനസ്സിലാക്കാം. മത്താ.11:13-14 സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു. നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവു അവൻ തന്നേ.
ദൈവീക വാഗ്ദത്തം അനുസരിച്ച്, ആത്മീയമായി പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവം എപ്പോഴും നമ്മോടുകൂടി ഉണ്ട് ( വീണ്ടും ജനിച്ചവരോട് കൂടെ) എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. യോഹ. 14:23 യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.(ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും = ഇമ്മാനുവേൽ പ്രവചന പൂർത്തീകരണം.) 1 കൊരി. 3:16 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ( ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? = ഇമ്മാനുവേൽ പ്രവചന പൂർത്തീകരണം.)
ഇപ്രകാരം ഇമ്മാനുവൽ പ്രവചനം യേശുക്രിസ്തുവിൽ പൂർണ്ണമായി നിവൃത്തി ആയതായി നാം കാണുന്നു. ഇമ്മാനുവൽ പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തി ആയിട്ടില്ല എന്ന് ആരെങ്കിലും പഠിപ്പിക്കുന്നു എങ്കിൽ അത് വലിയ ദുരുപദേശം ആണ് മത്താ.1:22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”
പഴയനിയമത്തിൽ യഹോവയായ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ പുതിയനിയമത്തിൽ യേശുക്രിസ്തുവിനെ കുറിച്ചും പറഞ്ഞിരിക്കുന്നതിനാൽ യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുവാൻ വീണ്ടും ജനിച്ച യഥാർഥ ദൈവാനുഭവമുള്ളവർക്ക് ആർക്കും കഴിയില്ല. പഴയനിയമത്തിൽ യഹോവയുടെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും എന്ന് എഴുതപ്പെട്ടിരിക്കുന്നത് പോലെ തന്നെ പുതിയ നിയമത്തിൽ യേശുവിന്റെ മുൻപിൽ എല്ലാ മുഴങ്കാലും മടങ്ങും എന്ന്എഴുതപ്പെട്ടിരിക്കുന്നു.
യെശ.45:23 എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. ഫിലി. 2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും. ( ഇവിടെ യേശുക്രിസ്തു വ്യക്തമായി പറഞ്ഞ ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട് അതായത് ഞാനും പിതാവും ഒന്നാകുന്നു എന്നാതാണാത്.
യോഹ. 10:30 ഞാനും പിതാവും ഒന്നാകുന്നു.” )
ഈ ലോകത്തിലെ ഭരണാധികാരികൾ തങ്ങളെത്തന്നെ മഹാന്മാർ, ജേതാക്കൾ, ധൈര്യമുള്ളവർ, ഗംഭീരർ, ഇരട്ടചങ്കൻ എന്നിങ്ങനെയുള്ളവർ എന്ന് വിളിക്കാറുണ്ട്. എന്നാൽ പാപ രക്ഷകൻ എന്ന് അവകാശപ്പെടുവാൻ ആർക്കും കഴിയില്ല. പ്രവൃ.4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
വേദപുസ്തകത്തിലെ യേശുവിനു മുമ്പും ശേഷവും നിരവധി പേരെ യേശു എന്ന് നാമകരണം ചെയ്തിട്ടുണ്ട്. എന്നാൽ ബൈബിളിലെ യേശുവിനെ മാത്രമേ യേശുക്രിസ്തു അല്ലെങ്കിൽ ക്രിസ്തു യേശു എന്ന് വിളിക്കൂ. ക്രിസ്തു (അഭിഷിക്തൻ ) എന്ന വാക്ക് അവന്റെ തനതായ സ്വത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്നു. 1തിമൊ.1:15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.
സമ്പൂർണ്ണ വചനവും പുത്രനാം ദൈവവുമായ കർത്താവായ യേശുക്രിസ്തു ദൈവത്തോടുള്ള തന്റെ സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യ വേഷത്തിലായി കാലത്തിന്റെ തികവിൽ ജഡത്തിൽ വന്നു. യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്നവർ ദൈവത്തിനുള്ളവരല്ല. 1 യോഹ 4:2 ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. (ഫിലി.2.6-11) അവന് ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തിമരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു.
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തില്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയുംഅധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായിഏറ്റുപറകയും ചെയ്യേണ്ടിവരും.
കർത്താവായ യേശുക്രിസ്തു തന്റെ ക്രൂശുമരണത്തിലൂടെ മാനവജാതിയുടെ പാപങ്ങൾക്ക് പരിഹാരം വരുത്തുവാൻ ഏക യാഗമായിത്തീർന്നു.(1യോഹ1.7-9) അവന് വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കുപാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.