വിമര്‍ശനങ്ങളോടു വിട
ന്യൂയോര്‍ക്കിലെ കിങ്സ് കോളേജിന്റെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് എ കുക്ക് തന്റെ ആദ്യകാല ശുശ്രൂഷയോട് ബന്ധപ്പെട്ട് ഒരു യഥാര്‍ത്ഥ സംഭവം വിവരിക്കുന്നുണ്ട്.
തുളച്ചു കയറുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ മിക്കപ്പോഴും നേരിട്ട അവസരത്തില്‍ തന്റെ സ്നേഹിതനായ ഹാരി എ അയണ്സയിഡിന്റെ ഉപദേശം പലപ്പോഴും തേടിയിരുന്നു.
ഹൃദയം സ്നേഹിതന്റെ മുന്നില്‍ പകര്‍ന്നു കൊണ്ടു തനിക്കു നേരിടുന്ന ആരോപണങ്ങളെ എങ്ങനെ നേരിടണമെന്ന് അദ്ദേഹമാരാഞ്ഞു. അതിനദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
‘താങ്കള്‍ക്ക് എതിരെയുള്ള വിമര്‍ശനം ശരിയാണെങ്കില്‍ അത് തിരുത്തുക, ശരിയല്ലെങ്കില്‍ മറന്നു കളയുക.”
വിമര്‍ശകരുടെ വായടക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നന്ന് വിമര്‍ശനത്തിന് സാധ്യതയുള്ള നടപടിയില്‍ നിന്നു ഒഴിഞ്ഞിരിക്കുകയാണ്. വിമര്‍ശന ഹേതുവായ് തീരുന്ന വിഷയത്തില്‍ യാഥാര്‍ഥ്യമുണ്ടെങ്കില്‍ പിന്തിരിഞ്ഞു യഥാസ്ഥാനപ്പെടാന്‍ ഒരു നല്ല മനസ്സുണ്ടാകണം. ദോഷങ്ങളൊന്നും ഇല്ലാതിരിക്കെ വിമര്‍ശന ശരങ്ങള്‍ വരുകയാണെങ്കില്‍ ദോഷം നിരൂപിക്കാതെ അത് ഭാഗ്യമായി കരുതുക. കാരണം ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദ സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്, മഹത്വത്തിന്റെ ആത്മാവ് നിങ്ങളുടെ മേല്‍ വസിക്കുന്നുണ്ടല്ലോ.
വിമര്‍ശനങ്ങള്‍ വാസ്തവമെങ്കില്‍ വഴികളെ നിരപ്പാക്കുക, അസത്യമെങ്കില്‍ അവഗണിക്കുക.