ചെറു ചിന്ത | ദൈവ പ്രസാദമുള്ളത് ചെയ്യുക | പാ. ജോബി കരിമ്പന്‍


ദൈവ പ്രസാദമുള്ളത് ചെയ്യുക

അനേക ദൈവഭക്തന്മാരെ വേദപുസ്തകം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്; അതില്‍ ശ്രദ്ധേയനായ ഒരു വ്യക്തിയാണ് ഹാനോക്ക്. ആദം മുതല്‍ ഏഴാമനായ ഹാനോക്ക് ‘ദൈവത്തോട് കൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി.’ ഒരു വര്‍ഷത്തിന്റെ ദിവസങ്ങള്‍ക്ക് തുല്യമായി ഹാനോക്കിന്റെ ആയുസ് 365 സംവത്സരം ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചു വേദപുസ്തകത്തില്‍ പുതിയനിയമത്തില്‍ പിന്നെയും പരാമര്‍ശിച്ചിട്ടുണ്ട്; യൂദാ 14, 15 വാക്യങ്ങള്‍ ‘ആദം മുതല്‍ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച്: ഇതാ കര്‍ത്താവ് എല്ലാവരെയും വിധിപ്പാനും അവര്‍ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവര്‍ത്തികളും നിമിത്തം ഭക്തികെട്ടവരെയൊക്കെ ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധരോടുകുടെ വന്നിരിക്കുന്നു’ എന്ന് പ്രവചിച്ചു. അങ്ങനെ ഹാനോക്കിനെ ഒരു പ്രവാചകനായി നാം കാണുന്നു.

കൂടാതെ വിശ്വാസ വീരന്മാരുടെ പട്ടികയിലും നാം ഹാനോക്കിനെ കാണുന്നു ‘വിശ്വാസത്താല്‍ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തു കൊണ്ടതിനാല്‍ കാണാതെയായി. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവന്‍ എടുക്കപ്പെട്ടതിന് മുന്‍പേ സാഷ്യം പ്രാപിച്ചു’ (എബ്ര 11:5). ദൈവത്തെ പ്രസാദിപ്പിച്ചു ദൈവത്തോട് കുടെ നടന്നു അവസാനം ദൈവഭവനത്തില്‍ മരണം കാണാതെ വിശ്രമിക്കുവാന്‍ സാധിച്ച ഹാനോക്ക് ഒരു ഭാഗ്യവാനായ ദൈവഭക്തനാണ്. ഹാനോക്കിനെപോലെ ആത്മീകമായി ദൈവത്തോടുകുടെ നടക്കുവാനും ദൈവപ്രസാദമുള്ളത് ചെയ്യുവാനും നമുക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു

എന്ന് ക്രിസ്തുവില്‍.
പാസ്റ്റര്‍ ജോബി കരിമ്പന്‍

Comments (0)
Add Comment