ശിശുദിന ചിന്തകൾ

ശിശുദിന ചിന്തകൾ

ഇന്ന് നവംബർ 14, ദേശീയ ശിശുദിനം. രാജ്യമൊടുക്കുയുള്ള കുട്ടികളുടെ ദിവസമാണിന്ന്. ലോകമാകമാനമുള്ള മിക്ക രാജ്യങ്ങളും ശിശുദിനം ആചരിക്കുന്നുണ്ട്. ഓരേ ദേശത്തിന്റെയും സംസ്കാരത്തിനും ചരിത്രത്തിനും അനുസരിച്ച് അവ വ്യത്യസ്തവുമാണ്.

ചാച്ചാജിയും ശിശുദിനവും ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ് ഇന്ത്യയിൽ കുട്ടികളുടെ ദിവസമായി ആചരിക്കപ്പെടുന്നത്. 1889 നവംബർ 14നാണ് നെഹ്റുവിൻ്റെ ജനനം. കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്‌നേഹവും അടുപ്പവും പ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.

തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്റു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്. ആഘോഷങ്ങൾ ഏറെ ഇഷ്‌ടപ്പെടുമ്പോഴും കുട്ടികളാണ് സമൂഹത്തിൻ്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് നെഹ്റു.

ശിശുദിനം ആചരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമുള്ള ആഗോള ശിശുദിനം ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.

ശിശുദിന ചരിത്രം:
1857 ജൂൺ രണ്ടാം ഞായറാഴ്ചയാണ് മസാച്യുസെറ്റ്സിലെ ചെൽസിയിലെ “യൂണിവേഴ്സലിസ്റ്റ് ചർച്ച് ഓഫ് റിഡീമറിന്റെ” പാസ്റ്റർ, റവ.ഡോ. ചാൾസ് ലിയോനാർഡ് ശിശുദിനം ആരംഭിച്ചത്. ലിയോനാർഡ് ആ പ്രത്യേക സേവനം കുട്ടികൾക്കായി സമർപ്പിച്ചു. ലിയോനാർഡ് ഈ ദിവസത്തിന് ‘റോസ് ഡേ’ എന്ന് പേരിട്ടു, പിന്നീട് ഇതിനെ ‘ഫ്ലവർ സൺഡേ’ എന്ന് നാമകരണം ചെയ്തു. തുടർന്ന് കുട്ടികളുടെ ദിനം എന്ന് നാമകരണം ചെയ്തു.

ഇന്നു നാം ചെറുതായും നിസ്സാരരായും കാണുന്ന നമ്മുടെ കുഞ്ഞുങ്ങൾ രാജ്യത്തിന്റെ അമൂല്യ സമ്പത്താണ്. ചാച്ചാജിയുടെ മരണത്തിനിപ്പുറം അര ശദാബ്ദം കഴിഞ്ഞിട്ടും ഇന്നും ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണരായ അനേകർക്ക് നങ്ങളുടെ കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ വളർത്തുവാനോ നല്ല വിദ്യാഭ്യാസം കൊടുക്കുവാനോ കഴിയാത്ത അവസ്ഥയുണ്ട്. ദാരിദ്ര്യവും പരിമിതികളും കുത്തക രാഷ്ട്രീയത്തിന്റെ വളക്കൂറുള്ള മണ്ണാണ്. ദാരിദ്യം, ഭിക്ഷാടന മാഫിയ, വംശീയ പ്രശ്നങ്ങൾ എന്നിവ അനേക കുഞ്ഞുങ്ങൾക്ക് വഴിമുടക്കികളായി നിൽക്കുന്നു.

ഓരോ കുട്ടിയും നാളെയുടെ പ്രതീക്ഷയും വാഗ്ദാനങ്ങളുമാണ്. കുട്ടികൾ ഭാവിയിൽഎന്താകേണമോ അതിനായി നന്നേ ചെറുപ്പത്തിലേ അവർക്കു പരിശീലനം നൽകുവാൻ ദൈവവചനം നമ്മെ ഓർപ്പിക്കുന്നുണ്ട്. ശിശുക്കളെ സ്നേഹിച്ച് അവരെ അടുത്തേക്കു ചേർത്തു നിർത്തി അനഗ്രഹിച്ചാശീർവ്വദിച്ച നമ്മുടെ കർത്താവായ യേശു നാഥനാണ് നമ്മുടെ മാതൃക. അതിനാൽ തന്നെ നമുക്കു ചുറ്റുമുള്ള ഓരോ കുട്ടിയും ശാരീരിക, മാനസിക, ധാർമ്മിക തലങ്ങളിൽ ഉത്തമരായി വളരുന്നു എന്ന് നമുക്ക് ഉറപ്പിക്കുവാൻ ഈ ശിശുദിനം നമ്മെ പ്രതിജ്ഞാബദ്ധമാക്കട്ടെ. രാജ്യത്തെ പടുത്തുയർത്തിയ സാമൂഹ്യ രാഷ്ട്രീയ തലങ്ങളിലെ ശക്തരായ പിൻ തലമുറക്കാരെപ്പോലെ, ഒരു പക്ഷേ അവരിലും മികവു പുലർത്തുന്ന വരും തലമുറയെ നമുക്കു വാർത്തെടുക്കാം. അവർക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ധാർമ്മിക മൂല്യങ്ങളും ലഭിക്കുന്നു എന്നുറപ്പിക്കുവാൻ നല്ല സംസ്കാരത്തിലും തെളിഞ്ഞ, സ്വതന്ത്രമായ ആത്മീക വെളിച്ചത്തിലും അവരെ നയിക്കുവാൻ സർവ്വശക്തനോടു പ്രാർത്ഥിക്കാം.

എല്ലാവർക്കും വിശേഷാൽ രാജ്യമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള എല്ലാ കുട്ടികൾക്കും ഈ ശിശുദിനം ശുഭപ്രതീക്ഷകൾ നിറഞ്ഞതാവട്ടെ എന്നാശംസിക്കുന്നു…

Comments (0)
Add Comment