വാഷിംഗ്ടണ്‍ D.C: ജനുവരി 20-ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജെസ്യൂട്ട് വൈദികന് ഫാ. ലിയോ ഒ’ഡൊണോവൻ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. ബൈഡന് കുടുംബത്തിന്റെ സുഹൃത്തും, ജോര്‍ജ്ജ്ടൌണ്‍ യൂണിവേഴ്സിറ്റിയിലെ ജെസ്യൂട്ട് വൈദികനുമാണ് ഫാ. ഡൊണോവൻ. 2015-ല്‍ ബൈഡന്റെ മകന് ബിയൂ ബൈഡന് മരിച്ചപ്പോള്‍ വില്‍മിംഗ്ടണിലെ സെന്റ് ആന്റണി പാദുവാ ഇടവകയില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ നയിച്ചതും ഫാ. ഡൊണോവാനായിരുന്നു. ജെസ്യൂട്ട് റെഫ്യൂജീ സര്‍വ്വീസ് മിഷന്റെ ഡയറക്ടറുമാണ് ഫാ. ഡൊണോവന്‍.
സത്യപ്രതിജ്ഞ ചടങ്ങിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കുവാന് ബൈഡന് തന്നെ വിളിച്ചിരുന്നെന്നും, താന്‍ ക്ഷണം സ്വീകരിച്ചുവെന്നും ഫാദർ നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിരവധി പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ വൈദികര്‍ പ്രാര്‍ത്ഥനകൾ നയിച്ചിട്ടുണ്ട്. പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്സണിന്റേയും, ബില്‍ ക്ലിന്റണിന്റേയും, ജോര്‍ജ്ജ് ഡബ്ള്യു ബുഷിന്റേയും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിയത് പ്രമുഖ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമായിരുന്നു.
ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്തുന്നതിനിടെ 6-ന് ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ട വാഷിംഗ്ടണിലെ യു.എസ് കാപ്പിറ്റോളില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കൊറോണ പകര്‍ച്ചവ്യാധി കാരണം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.