വാഷിംഗ്‌ടൺ DC: ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനു അന്ത്യംകുറിച്ചുകൊണ്ട് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ബുധനാഴ്ച ചുമതലയേറ്റു. 49-ാമത് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. ട്രംപ് അനുകൂല സംഘം രണ്ടാഴ്ച മുമ്പ് ആക്രമിച്ച കാപ്പിറ്റോളിൽ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ചടങ്ങ് നടന്നത്. വെസ്റ്റ് ഫ്രണ്ട് ഓഫ് കാപ്പിറ്റലിൽ അമേരിക്കൻ സമയം 12.00 മണി ആയതിന് തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് 78 കാരനായ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ. സത്യപ്രതിജ്ഞ ചെയ്തയുടനെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. ഐക്യവും രോഗശാന്തിയും പ്രമേയമാക്കിയായിരുന്നു പ്രസംഗം.
127 വർഷം പഴക്കമുള്ള ഫാമിലി ബൈബിളിലാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. തലസ്ഥാനത്തെ ഒരു ഗാരിസൺ നഗരമാക്കി മാറ്റിയ 25,000 ത്തിലധികം ദേശീയ ഗാർഡുകളുടെ അഭൂതപൂർവമായ സുരക്ഷാ കുടക്കീഴിലാണ് ചരിത്രപരമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഇത് ജനാധിപത്യത്തിന്‍റെ ദിനമാണെന്ന് സ്ഥാനമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു. ബൈഡന്‍റെ സത്യപ്രതിജ്ഞയ്ക്ക് മൂന്ന് മുന്‍ പ്രസിഡണ്ടുമാര്‍ സാക്ഷികളായി. അമേരിക്കയുടെ മുന്‍ പ്രസിഡണ്ടുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബരാക്ക് ഒബാമ എന്നിവരാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.
56 കാരിയായ കമല ഹാരിസിനെ അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായി സുപ്രീം കോടതിയിലെ ആദ്യത്തെ ലാറ്റിന അംഗം ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അമേരിക്കയിലെ ആദ്യത്തെ വനിത, ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ കമല ഹാരിസ് ചരിത്രം സൃഷ്ടിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ക്യാപിറ്റോളിൽ നടന്നത്.