വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ആക്റ്റിങ് ചീഫ് ഒഫ് സ്റ്റാഫായി ഇന്ത്യൻ വംശജ നിയമിതയായി. നേരത്തേ, ജോ ബൈഡന്റെ ഭരണമാറ്റ അവലോകന സംഘത്തിലെ അംഗമായിരുന്ന ഭവ്യ ലാൽ ആണ് പുതിയ ചീഫ്. യുഎസിലെ ഭരണമാറ്റത്തിന്റെ ഭാഗമായി നാസയിലുണ്ടാകുന്ന മാറ്റങ്ങളുടെ മേൽനോട്ടം വഹിക്കുക എന്നതാണ് ഭവ്യയുടെ ചുമതല.
നാസയുടെ എൻജിയീറിങ്, ബഹിരാകാശ സാങ്കേതിക രംഗങ്ങളിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട് ഭവ്യയ്ക്ക്. നാസയുടെ ഗവേഷണ വിഭാഗത്തിൽ 2005 മുതൽ നിർണായക ദൗത്യസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാസയുടെ ഇന്നൊവേറ്റീവ് അഡ്വാൻസ്ഡ് കൺസെപ്റ്റ്സ് പ്രോഗ്രാമിലെയും നാസ ഉപദേശക സമിതിയുടെ ടെക്നോളജി, ഇന്നൊവേഷൻ, എഞ്ചിനീയറിംഗ് ഉപദേശക സമിതിയിലെയും ബാഹ്യ കൗൺസിൽ അംഗവും ആയിരുന്നു ഡോ.ഭവ്യ.
സയൻസിൽ ബിരുദവും ആണവ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽനിന്ന് ടെക്നോളജി ആൻഡ് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.