വചനധ്യാന പരമ്പര | “നെഹെമ്യാവ്‌ യെരുശലേമിൽ”

നെഹമ്യാവ് 2:20: “അതിന്നു ഞാൻ അവരോടു: സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു”.

യെരൂശലേമിലേക്കു പോകുവാനുള്ള നെഹമ്യാവിന്റെ താത്പര്യവും അവധി ആവശ്യപ്പെടലും (2:1-10), യെരുശലേമിന്റെ തകർന്നു കിടക്കുന്ന മതിൽ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന നെഹമ്യാവ് (2:11-18), എതിർപ്പിന്റെ സ്വരം പരിഹാസമായി പ്രകടമാകുന്നു (2:19-20) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

യെരുശലേമിന്റെ തകർച്ചയുടെ നിജസ്ഥിതി അറിഞ്ഞു കരഞ്ഞും ഉപവസിച്ചും കൊണ്ടിരിക്കെ വിഷയം രാജസമക്ഷം ഉണർത്തിക്കുവാൻ അവസരം കാത്തിരിക്കുകയായിരുന്നു നെഹമ്യാവ് (1:11). വീണ്ടും സുമാർ നാലുമാസങ്ങൾ കൂടെ പിന്നിട്ടപ്പോൾ ഒരു നാൾ രാജാവിനു വീഞ്ഞു കൊടുക്കുന്ന അവസരത്തിൽ കുണ്ഠിതമായ മുഖഭാവത്തോടെ നെഹമ്യാവിനെ കണ്ട അർത്ഥഹ്ശഷ്ടാ രാജാവ് നെഹമ്യാവിന്റെ ഭാവഭേദം നന്നായി തിരിച്ചറിഞ്ഞു. ഈ അവസ്ഥയ്ക്ക് കാരണം മനോവ്യസനമല്ലാതെ മറ്റൊന്നല്ല എന്ന അനുമാനം നെഹമ്യവുമായി പങ്കുവയ്ക്കുമ്പോൾ തികച്ചും അവസരോചിതമായി നെഹെമ്യാവ്‌ പ്രതികരിച്ചു. തന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള യെരുശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുമ്പോൾ യഹൂദാ വംശപാരമ്പര്യം മുറുകെപ്പിടിക്കുന്ന തന്റെ മുഖം വാടാതിരിക്കുന്നതെങ്ങനെ എന്നു തന്റെ മനോവിചാരം വളരെ സൗമ്യതയോടെ തുരുമനസ്സിനോട് അറിയിച്ചു.

ഉടനടി, യാത്രയ്ക്ക് വേണ്ട അവധിയും സുരക്ഷയ്ക്കായി പടനായകന്മാരെയും കുതിരച്ചേവകരെയും നദിക്കക്കരെയുള്ള ദേശാധിപതികൾക്കുള്ള കത്തും യെരുശലേമിൽ നെഹമ്യാവിനുള്ള പാർപ്പിട സംവിധാനമൊരുക്കുവാനുള്ള ക്രമീകരണങ്ങളുമെല്ലാം രാജാവ് ഏർപ്പാടാക്കി കൊടുത്തു. ശമര്യയുടെ ഗവർണറായിരുന്ന സൻബല്ലതും അമ്മോന്യരുടെ ഗവർണറായിരുന്ന തോബിയാവും നെഹമ്യാവിന്റെ വരവിൽ അസന്തുഷ്ടരാകുകയും ഈ നീക്കത്തിനെതിരെ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. യെരുശലേമിൽ എത്തി മൂന്നുനാളുകൾ പാർത്ത ശേഷം നെഹമ്യാവും തന്റെ കൂടെയുള്ള ചില പുരുഷന്മാരും രാത്രിയിൽ തെക്കുപടിഞ്ഞാറുള്ള താഴ്വര വാതിലിൽ നിന്നും ആരംഭിച്ചു കിഴക്കോട്ടു ശീലോഹാം കുളം വരെയും അവിടെനിന്നും പടിഞ്ഞാറേയ്ക്കും തെക്കോട്ടും യാത്ര ചെയ്തു മതിലിന്റെ തകർച്ച നേരിൽ കണ്ടു ബോധ്യപ്പെട്ടു. ഈ യാത്രയും തന്റെ മനസ്സിലുള്ള പദ്ധതികളും എത്രയും ഗോപ്യമായി സൂക്ഷിക്കുവാൻ നെഹമ്യാവ് ബദ്ധശ്രദ്ധനായിരുന്നു എന്ന വസ്തുത വിശേഷാൽ ശ്രദ്ധിച്ചാലും!

അനന്തരം താൻ വിളിച്ചു ചേർത്ത യിസ്രായേൽ പ്രമാണിമാരുടെയും മൂപ്പന്മാരുടെയും യോഗത്തിൽ ഇനിയും നിന്ദാപാത്രമായിരിക്കാതെവണ്ണം യെരുശലേമിന്റെ മതിൽ പണിയുവാനുള്ള ആഹ്വാനം കൊടുക്കപ്പെട്ടു (2:17). ഈ അവസരത്തിൽ മുൻപ് പ്രസ്താവിക്കപ്പെട്ട എതിരാളികൾ പരിഹാസവും നിന്ദയുമായി രംഗത്തെത്തുന്നു (2:19). എന്നാൽ യഹൂദാ നേതാക്കന്മാർ ഒറ്റക്കെട്ടായി ഈ നല്ല പ്രവൃത്തിയ്ക്കായി പരസ്പരം ധൈര്യപ്പെടുത്തുകയും എതിരാളികളോട് എതിർത്ത് നിന്ന് തങ്ങളുടെ ദൈവാശ്രയത്തിന്റെ ഉറപ്പു പ്രഖ്യാപിക്കുകയും ചെയ്തു. യെരുശലേമിന്മേൽ സ്ഥാപിച്ചരുന്ന സൻബല്ലത്തിന്റെയും തോബിയാവിന്റെയും അവകാശവാദവും ജ്ഞാപകസ്ഥാപനവുമൊന്നും ഇനിയും തുടരുവാൻ അനുവദിക്കുകയില്ലെന്ന ഉറച്ച നിലപാടും വ്യക്തമാകുവാനും അവർ സങ്കോചിച്ചില്ല! (2:20).

പ്രിയരേ, കർത്തവ്യബോധവും സ്ഥിരോത്സാഹവും മാത്രം കൈമുതലാക്കിയും ദൈവാശ്രയത്തിലൂന്നിയുള്ളതുമായ ചുവടു വയ്പുകൾ ലക്ഷ്യത്തിലേക്കുള്ള വഴികൾ തുറന്നു തരുമെന്ന അനുഗ്രഹീത പാഠം ഇവിടെ തുറന്നു വയ്ക്കപ്പെടുന്നില്ലേ! നിന്ദയുടെ കാലങ്ങൾ മായിച്ചു കളയുവാൻ ഇതിൽപ്പരം മറ്റൊരു പോംവഴിയില്ലെന്നും നമുക്കു ഗ്രഹിക്കാമല്ലോ!

Comments (0)
Add Comment