നെഹമ്യാവ് 12:30: “പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു”.
സെരുബ്ബാബേലിനും യേശുവയ്ക്കും ഒപ്പം വന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും പേരുവിവരങ്ങൾ (12:1-26) മതിലിന്റെ പുനഃപ്രതിഷ്ഠ (12:21-47) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
സുമാർ നൂറു വർഷങ്ങൾക്കു മുൻപ് ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടും കൂടെ വന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും പേരുവിവരങ്ങൾ ഇവിടെ കുറിയ്ക്കപ്പെട്ടിരിക്കുന്നു. ദാവീദിന്റെ കാലത്തു ഉണ്ടാക്കപ്പെട്ടിരുന്ന പട്ടികയിൽ ഇരുപത്തിനാലു കൂറുകൾ ഉണ്ടായിരുന്നെങ്കിലും (1 ദിന. 24:4) ഇവിടെ രേഖപ്പെടുത്തപ്പെടുമ്പോൾ ഇരുപത്തിരണ്ടു കൂറുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഒരു പക്ഷേ പകർത്തിയെഴുതിയപ്പോൾ സംഭവിച്ച സ്ഖലിതമോ അതുമല്ലെങ്കിൽ ഇക്കാലമായപ്പോഴേയ്ക്കും കൂറുകൾക്കു സംഭവിച്ച ചോഷണമോ ആയിരിക്കാം അതിനു കാരണം. എന്തായാലും പുരോഹിത ശുശ്രൂഷയും സംഗീതശുശ്രൂഷയും നിർവിഘ്നം തുടരുന്ന ഒരു പശ്ചാത്തലം ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. യെരുശലേശം മതിലിന്റെ പ്രതിഷ്ഠയാണ് ഈ അദ്ധ്യായത്തിന്റെ മറ്റൊരു കാതൽ പ്രമേയം. സംഗീതക്കാരെയും പുരോഹിതൻമാരെയും അവരവരുടെ ഗ്രാമങ്ങളിൽ നിന്നും വിശേഷാൽ വിളിച്ചു വരുത്തി വലിയ ആദരവോടെ ശുശ്രൂഷയ്ക്ക് നിയോഗിച്ചു.
നഗരത്തെ പ്രദക്ഷിണം ചെയ്തു സംഗീതത്തോടും വാദ്യഘോഷങ്ങളോടും കൂടെ ദൈവത്തെ ആരാധിച്ചു കൊണ്ട് പ്രതിഷ്ഠ നിർവ്വഹിക്കുവാൻ രണ്ടു കൂട്ടമായി ജനത്തെ വേർതിരിച്ചു. ഒരുകൂട്ടത്തിനു എസ്രാ ശാസ്ത്രിയും (12:31-36) രണ്ടാം കൂട്ടത്തിനു നെഹമ്യാവും (12:38) നേതൃത്വം വഹിച്ചു. എസ്രായുടെ കീഴിലുള്ള ഒന്നാമത്തെ കൂട്ടം, നഗരമതിലിന്റെ തെക്കുപടിഞ്ഞാറെ കോണിൽ നിന്നും കിഴക്കോട്ടും തുടർന്ന് വടക്കോട്ടു സഞ്ചരിച്ചു (12:31-37). നെഹമ്യാവിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ കൂട്ടം, വടക്കോട്ടും അവിടെനിന്നും കിഴക്കോട്ടു ആലയത്തിന്റെ ഭാഗങ്ങളും പ്രദക്ഷിണം ചെയ്തു ആലയത്തിന്റെ മുറ്റത്തു വച്ച് പരസ്പരം കണ്ടുമുട്ടി. അവിടെ അവർ ഒരുമിച്ചു യഹോവയുടെ യാഗങ്ങൾ അർപ്പിച്ചു ദൈവത്തെ മഹത്വപ്പെടുത്തി (12:38-43). സകലവിധ വാദ്യഘോഷങ്ങളും ഉപയോഗിച്ചു യിസ്രായേലിന്റെ മധുര ഗായകനായ ദാവീദിന്റെ ചട്ടപ്രകാരം പാടിയും ആരാധിച്ചും സന്തോഷപൂർവ്വം മതിലിന്റെ ശുദ്ധീകരണവും പ്രതിഷ്ഠയും നടത്തി. ദൈവാലയ ശുശ്രൂഷകന്മാരായ ലേവ്യരെയും പുരോഹിതന്മാരെയും സകല വിധത്തിലും ആദരിക്കുന്ന ഒരു സംസ്കാരം സെരുബ്ബാബേലിന്റെ കാലത്തും നെഹമ്യാവിന്റെ കാലത്തും പ്രവാസികളുടെ ഇടയിൽ നിലനിന്നിരുന്നു (12:47). ഇവരാകട്ടെ ദൈവാലയത്തിലെ ശുശ്രൂഷയല്ലാതെ മറ്റൊന്നും ചെയ്യുവാൻ അനുവദിക്കപ്പെട്ടിരുന്നുമില്ല. ലേവ്യരും അഹരോന്യ പുരോഹിതന്മാരും നിയോഗിക്കപ്പെട്ട കൂറിന്റെ ക്രമപ്രകാരം ആലയത്തിൽ യഹോവയുടെ ശുശ്രൂഷയുടെ ഭാരം വഹിക്കുമ്പോൾ അവരുടെ ഉപജീവനമെന്ന അടിസ്ഥാനപരമായ ഉത്തരവാദിത്വം ജനങ്ങൾ ഏറ്റെടുത്തു. ആകയാൽ തന്നെ ശുശ്രൂഷകന്മാർക്കു ആലയത്തിലെ ശുശ്രൂഷ വിട്ടു പുറത്തു പോകേണ്ടതായി വരികയോ അതുമല്ലെങ്കിൽ ദൈനംദിന കാര്യങ്ങളുടെ ചിന്താഭാരത്താൽ ആകുലപ്പെടേണ്ടതായും വന്നില്ല എന്നാണ് ഞാൻ കരുതുന്നത്.
പ്രിയരേ, യെരുശലേമിന്റെ മതിൽ പ്രതിഷ്ഠിച്ചത് ദൈവാരാധനയുടെയും സംഗീതത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സന്തോഷപൂർവ്വം ആയിരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ സമർപ്പണം അനുദിനം പുതുക്കപ്പെടേണ്ടതും സന്തോഷഭരിതം ആയിരിക്കേണ്ടതുമല്ലേ! സമർപ്പണം സ്വമനസ്സോടെയും അതാലുള്ള ദൈവിക സുരക്ഷ നൈരന്തര്യവും ആയിരിക്കുമെന്നതിനു സംശയമൊന്നുമില്ല തന്നെ!