എസ്ഥേർ 1:22: “ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു”.
അഹശ്വേരോശ് രാജാവിന്റെ ഒന്നാം വിരുന്നു (1:1-4) അഹശ്വേരോശ് രാജാവിന്റെ രണ്ടാം വിരുന്നു (1:5-11) വസ്ഥി രാജ്ഞി തസ്ഥാനത്തു നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നു (1:12 -22) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
BC 465 ൽ എഴുതപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന എസ്ഥേറിന്റെ പുസ്തകത്തിന്റെ രചയിതാവിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ നല്കപ്പെട്ടിട്ടില്ല. എങ്കിലും ഈ പുസ്തകത്തിൽ മുഴച്ചുനിൽക്കുന്ന ദേശീയതയുടെ അടിസ്ഥാനത്തിൽ എഴുത്തുകാരൻ ഒരു യഹൂദനാണെന്നു ന്യായമായും കരുതാം. ഈ പുസ്തകത്തിന്റെ ഉള്ളടക്കം എസ്രായുടെ പുസ്തകം ആറും ഏഴും അദ്ധ്യായങ്ങളുടെ ഇടയിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയ മാറ്റംമറിച്ചിലുകളുടെ അടയാളപ്പെടുത്തലായി അനുമാനിക്കപ്പെടുന്നു. പത്തു അദ്ധ്യായങ്ങളും നൂറ്റിഅറുപത്തേഴു വാക്യങ്ങളുമടങ്ങിയ തിരുവെഴുത്തുകളിലെ പതിനേഴാം പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിലേക്കു സ്വാഗതം!
ഇന്ത്യ മുതൽ എത്യോപ്യ വരെ എത്തുന്ന നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളടങ്ങിയ അത്യന്തം വിസ്തൃതമായ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു അഹശ്വേരോശ് രാജാവ്. ഈ സാമ്രാജ്യത്തിന്റെ ശൈത്യകാല തലസ്ഥാനമായിരുന്നു ശൂശൻ പട്ടണം. പേർഷ്യൻ ഉൾക്കടലിനു സുമാർ ഇരുനൂറ്റിനാൽപ്പതു കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന ശൂശൻ പട്ടണം അത്യന്തം പ്രകൃതിരമണീയമായ ഒരു പട്ടണം കൂടി ആയിരുന്നു. തന്റെ കൊട്ടാരത്തിന്റെ മഹത്വവും ഭരണമികവിന്റെ പ്രതാപവും പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാർക്കും പ്രഭുക്കന്മാർക്കും സംസ്ഥാധിപന്മാർക്കും കാണിച്ചു കൊടുക്കുവാൻ ആറുമാസത്തോളം നീണ്ടു നിൽക്കുന്ന ഒരു വലിയ വിരുന്നു രാജാവ് ഒരുക്കി (1:3,4). ഒരു ഇടവേളയ്ക്കു ശേഷം ഏഴുദിവസങ്ങൾ നീണ്ടു നിൽക്കുന്ന മറ്റൊരു വിരുന്നും രാജാവ് തന്റെ രാജ്യത്തിലെ ചെറിയവരും വലിയവരുമായ സകല ജനത്തിനും വേണ്ടിയും കഴിച്ചു. വർണ്ണാഭയുടെ പരിലാളനത്തിൽ കൊട്ടാര ഭിത്തികളും തൂണുകളും അലങ്കരിച്ചും ലോകോത്തര ഭക്ഷണവിഭവങ്ങൾ തീന്മേശകളിൽ നിറച്ചും വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിൽ രാജവൈശിഷ്ട്യത്തിന്റെ പ്രതാപമോതുന്ന വീഞ്ഞു നിറച്ചും പൂർണ്ണ സ്വാതന്ത്ര്യത്തിൽ ആവോളം ആസ്വദിക്കുവാൻ പോന്ന വിരുന്നിൽ രാജമാനസം അതികുതുഹാൽ ആമത്തനായി. അതേസമയം അഹശ്വേരോശ് രാജാവിൻറെ രാജ്ഞി വസ്‌ഥിയും സ്ത്രീജനങ്ങൾക്കായി മറ്റൊരു വിരുന്നു സമാന്തരമായി കഴിച്ചു. രാജാവിൻറെ വിരുന്നിനിടയിൽ രാജ്ഞിയുടെ സൗന്ദര്യം തന്റെ ഭരണത്തിൻ കീഴിലുള്ള സകലരെയും ബോധ്യപ്പെടുത്തുവാൻ നടത്തിയ ശ്രമവുമായി സഹകരിക്കുവാൻ വസ്‌ഥി തയ്യാറായില്ല. അതിൽ കുപിതനായ രാജാവ്, തന്റെ മഹത്തുക്കളുടെ നിർദ്ദേശാനുസരണം വസ്‌ഥിയെ രാജ്ഞി സ്ഥാനത്തു നിന്നും മാറ്റിക്കളഞ്ഞു കൊണ്ടുള്ള പ്രഖ്യാപനം ഇറക്കി. ഒപ്പം പുരുഷാധിപത്യം ഓരോ കുടുംബങ്ങളിലും പുലരേണമെന്നും പുരുഷന്റെ മാതൃഭാഷ വേണം കുടുംബത്തിൽ സംസാരിക്കേണ്ടതെന്നും തീർപ്പു പുറപ്പട്ടു.
പ്രിയരേ, നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളുടെ ഭരണാധിപൻ തന്റെ ഭരണസീമയ്ക്കുള്ളിൽ പുലർത്തുവാൻ കഴിയുന്ന സ്വാധീനം എത്ര വലുതായിരിക്കും! എന്നാൽ സകലത്തെയും നിയന്ത്രിക്കുന്ന ദൈവം, നാളെയുടെ ദിനങ്ങളിൽ തന്റെ ജനത്തിന് വേണ്ടി ചെയ്യുവാൻ പോകുന്ന വലിയ കരുതലിന്റെ ഒരുക്കങ്ങളിലേക്കു അവിടുത്തെ കരങ്ങൾ ചലിപ്പിക്കുന്നതിന്റെ പ്രാരംഭ സൂചനകളാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കമെന്നു കുറിയ്ക്കുവാനാണ് പ്രേരണ.