എസ്ഥേർ 5:13: “എങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാൻ പറഞ്ഞു”.
എസ്ഥേർ രാജ്ഞി രാജധാനിയിൽ സിംഹാസനത്തിനു മുമ്പിൽ (5:1-3), രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിൽ (5:4-8), മൊർദ്ദെഖായിയോടുള്ള ഹാമാന്റെ നീരസവും ഉയർത്തിയൊരുക്കിയ കഴുമരവും (5:9-14) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
മൂന്നു ദിവസങ്ങൾ യഹൂദാകുലം ആകെ ഉപവസിച്ചനന്തരം എസ്ഥേർ രാജസന്നിധിയിൽ എത്തി. നിയമപ്രകാരം എസ്ഥേർ ആ സമയം അവിടെ എത്തുന്നത് അനുവദനീയമല്ലായിരുന്നെങ്കിലും ജനത്തിന്റെ പ്രാർത്ഥനയുടെ പിന്തുണയും ദൈവിക ഇടപെടലിന്റെ ഉറപ്പും എസ്ഥേറിനെ അവിടെ എത്തിച്ചു എന്നു പഠിക്കുന്നതാണെനിക്കിഷ്ടം. രാജ്ഞിയെ കണ്ട മാത്രയിൽ തന്നെ രാജാവിന്റെ പൊൻചെങ്കോൽ നീട്ടപ്പെടുകയും എസ്ഥേർ അതിന്റെ അഗ്രം തൊട്ടു തന്റെ സാമീപ്യം ഉറപ്പാക്കുകയും ചെയ്തു. രാജ്ഞിയുടെ അസമയത്തുള്ള വരവിങ്കൽ അടിയന്തിരമായ എന്തോ കാരണമുണ്ടെന്ന രാജാവിന്റെ ഊഹം അടിസ്ഥാനമാക്കി “എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം” (5:3) എന്നു രാജാവ് തിരുവായ്മൊഴിഞ്ഞു. വിരുന്നു പ്രിയനായ രാജാവിനെ അന്നു വൈകുന്നേരം താൻ ഒരുക്കുന്ന വിരുന്നിലേക്കു ക്ഷണിക്കുവാനാണ് താൻ വന്നതെന്നും രാജഭൃത്യന്മാരിൽ ഏറെ ആദരണീയനായ ഹാമാനെയും ഒപ്പം കൂട്ടണമെന്നും എസ്ഥേർ ആവശ്യപ്പെട്ടു. അന്നത്തെ വിരുന്നിലും തൻറെ ആവശ്യം എസ്ഥേർ അറിയിച്ചില്ല. അടുത്ത ദിവസവും താൻ ഒരുക്കുന്ന വിരുന്നിൽ രാജാവും ഹാമാനും എത്തണമെന്നും അപ്പോൾ തന്റെ ഇംഗിതം അറിയിക്കാമെന്നും എസ്ഥേർ ഉറപ്പുകൊടുത്തു. ഇതെല്ലാം സംഭവിക്കുമ്പോഴും മൊർദ്ദെഖായിയുടെ കൂസലില്ലായ്മ ഹാമാനെ നന്നേ ചൊടിപ്പിച്ചു. എങ്കിലും “തന്നെത്താൻ അടക്കികൊണ്ടു” (5:10) എസ്ഥേറിന്റെ വിരുന്നിലേക്കുള്ള ക്ഷണത്തിന്റെ സന്തോഷവും തന്റെ പത്തു പുത്രന്മാരുടെ (9:9) ഐശ്വര്യവും രാജസദനത്തിലെ ഉന്നതസ്ഥാനവും പ്രതാപവുമെല്ലാം തന്റെ സ്നേഹിതന്മാരുമായും കുടുംബാംഗങ്ങളുമായും പങ്കു വയ്ച്ചു. എങ്കിലും മൊർദ്ദെഖായിയുടെ ‘അനുചിത’ ഇടപെടലിൽ മേല്പറയപ്പെട്ട മഹത്വമൊന്നിലും താൻ തൃപ്തനല്ലെന്നും ഹാമാൻ തുറന്നു പറഞ്ഞു. ഹാമാന്റെ ഭാര്യ സേരേശും തന്റെ സ്നേഹിതന്മാരും പറഞ്ഞുകൊടുത്ത നിർദ്ദേശാനുസരണം അമ്പതു മുഴം (75 അടി) ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കി അതിൽ മൊർദ്ദെഖായിയെ തൂക്കി കളയേണ്ടതിനുള്ള ക്രമീകരണം രാത്രിയ്ക്കു രാത്രി തന്നെ ചെയ്യുവാനുള്ള സ്വാധീനവും ഹാമാനുണ്ടായിരുന്നു (5:14).
പ്രിയരേ, മൊർദ്ദെഖായിയുടെ പ്രമാണം ഹാമാനെ പ്രണമിക്കുവാൻ അനുവദിക്കുന്നില്ല. അതിലെ പ്രകോപനം ഉയർത്തിയ കഴുമരം മൊർദ്ദെഖായി പോലും അറിയാതെ അടുത്ത പ്രഭാതത്തിനായി കാത്തിരിക്കുന്നു. അടുത്ത പ്രദോഷത്തിലെ എസ്ഥേറിന്റെ വിരുന്നിനു പോകുന്നതിനു മുമ്പേ മെർദ്ദെഖായി ഇല്ലാതാകുന്നത് കാണുവാൻ കാത്തിരിക്കുമ്പോൾ ദൈവിക ഇടപെടൽ മറ്റൊരു ദിശയിലേക്കു നീങ്ങിയിരുന്നു. സ്തോത്രം….