വചനധ്യാന പരമ്പര | “എസ്ഥേറിന്റെ അപേക്ഷ സ്വീകരിക്കപ്പെടുന്നു”

ഓരോ അദ്ധ്യായം – ഓരോ സന്ദേശം” എന്ന വചനധ്യാന പരമ്പരയുടെ നാനൂറ്റിമുപ്പത്തിമൂന്നാം (433) സന്ദേശത്തിലേക്കു സ്വാഗതം!

എസ്ഥേർ 7:3: “അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ”.

എസ്ഥേർ താൻ ഒരുക്കിയ വിരുന്നിൽ വച്ച് തന്റെ ജനത്തിനു വേണ്ടി രാജാവിനോടപേക്ഷിക്കുന്നു (7:1-4), ഹാമാന്റെ ഗൂഢപദ്ധതിയ്ക്കെതിരെ രാജാവിന്റെ ക്രോധം ആളിക്കത്തുന്നു (7:5-8), ഹാമാൻ മൊർദ്ദെഖായിയ്ക്കായി ഒരുക്കിയ കഴുമരത്തിന്മേൽ താൻ തന്നെ തൂക്കിലേറ്റപ്പെടുന്നു (7:9-10) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

എസ്ഥേർ രാജ്ഞി, അഹശ്വേരോശ്‌ രാജാവിനും ഹാമാനും വേണ്ടി മാത്രം വിശേഷമായി ഒരുക്കിയ വിരുന്നിന്റെ രണ്ടാം രാത്രിയിൽ വിഭവ സമൃദ്ധമായ തീന്മേശയിൽ ഇരുവരും സന്നിഹിതരായി. വീഞ്ഞുവിരുന്നിന്റെ ഇടയിൽ തന്റെ അപേക്ഷ അറിയിക്കുവാനുള്ള അനുവാദം രാജാവ് എസ്ഥേറിനു കൊടുത്തു. രാജ്യത്തിൻറെ പകുതിയോളം ആയാലും തന്നു കൊള്ളാമെന്ന വാക്കുകളിലൂടെ എസ്ഥേറിനോടുള്ള രാജാവിൻറെ പ്രീതി പ്രകടമാകുന്നു. യഹൂദാജാതിയെ മുഴുവനും കൊന്നൊടുക്കുവാൻ കൊടുക്കപ്പെട്ട അനുവാദത്തിനു പകരം അവരെ വിട്ടുകളഞ്ഞിരുന്നു എങ്കിൽ രാജഭണ്ഡാരത്തിനുണ്ടാകാമായിരുന്ന ലാഭത്തിലേക്കാണ് എസ്ഥേർ രാജാവിനെ കൂട്ടിക്കൊണ്ടു പോയത്! ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൈമാറാം എന്നേറ്റിരുന്ന പതിനായിരം താലന്ത് വെള്ളിയുടെ സൂചനയുമാകാം ഈ വാക്കുകളിലെ ധ്വനി. വിൽക്കപ്പെടുവാനും അതിലൂടെ രാജാവിനു ലഭിക്കുന്ന പ്രതിശാന്തിയിൽ പൂർണ്ണ തൃപ്തയായിരിക്കുവാനും താൻ സന്നദ്ധയാണെന്നും രാജാവിന്റെ മുമ്പാകെ എസ്ഥേർ പ്രസ്താവിച്ചു. പക്ഷേ ഒരു ജനതയെ ഒന്നടങ്കം കൊന്നുമുടിക്കുന്നതിലൂടെ എന്തു പ്രയോജനം എന്ന എസ്ഥേറിന്റെ ചോദ്യം രാജാവിന്റെ ഹൃദയത്തിനേറ്റ വലിയ ആഘാതമായിരുന്നു.

“അവൻ ആര്? ഇങ്ങനെ ചെയ്യുവാൻ തുനിഞ്ഞവൻ എവിടെ?” എന്ന രാജാവിൻറെ ചോദ്യത്തിന് “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നെ” (7:6) എന്ന ഉത്തരം അർത്ഥശങ്കയ്ക്കിടയില്ലാതെ എസ്ഥേർ രാജാവിനോടറിയിച്ചു. ക്രോധഭരിതനായി തീർന്ന രാജാവ് വിരുന്നുശാല വിട്ടു ഉദ്യാനത്തിലേക്കു ഇറങ്ങിപ്പോയി. ഹാമനാകട്ടെ, രാജാവ് തനിക്കു അനർത്ഥം കരുതിയിരിക്കുന്നു എന്ന തിരിച്ചറിവിൽ കരുണയപേക്ഷിയ്ക്കുവാൻ എസ്ഥേർ ഇരിന്നിരുന്ന ശയ്യമേൽ വീണുകിടന്നു. തന്റെ രാജ്ഞിയുടെ പ്രാണനും മാനത്തിനും വിലയിട്ട ഹാമിനോട് രാജാവ് രൂക്ഷഭാഷയിൽ സംസാരിച്ചു കൊണ്ടിരിക്കെ തന്നെ ഭൃത്യന്മാർ ഹാമാന്റെ മുഖം മൂടി. ഈ സമയം സമീപേ നിന്നിരുന്ന ഹർബ്ബോന എന്ന ഷണ്ഡൻ, കഴിഞ്ഞ രാത്രിയിൽ മൊർദ്ദെഖായിയ്ക്കു വേണ്ടി ഹാമാൻ തയാറാക്കിയ അമ്പതു മുഴം ഉയരമുള്ള കഴുമരത്തിന്റെ കാര്യം രാജാവിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിന്മേൽ അവനെ തൂക്കുവാനുള്ള ആജ്ഞ എഴുതുകയും അധികം വൈകാതെ രാജാവിന്റെ കൽപ്പന നിവർത്തിക്കുകയും ചെയ്തു.

പ്രിയരേ, തന്റെ ജനത്തിനു വേണ്ടി രാജാവിനോടപേക്ഷിക്കുന്ന എസ്ഥേർ മുമ്പോട്ടു വയ്ക്കുന്ന മാതൃക എത്ര ഉദാത്തമാണ്! തക്ക സമയത്തു കൃത്യമായ ഇടപെടലിലൂടെ ഒരു ജനതയുടെ വംശനാശം തടഞ്ഞ ധീരത പ്രകീർത്തിക്കപ്പെടുമ്പോൾ തന്നെ പിന്നിട്ട ചരിത്രത്തിലൂടെ ചലിച്ചു വന്ന ദൈവകരങ്ങളും വ്യക്തമായി പ്രകടമാകുന്നില്ലേ! നാം അറിയാതെ നമുക്കായി വലിയവ ഒരുക്കുന്ന വലിയ ദൈവം… അതേ… നാം ഭാഗ്യവാന്മാർ തന്നെ…

Comments (0)
Add Comment