എസ്രാ 9:4: “പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻ ദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു”.
പ്രവാസത്തിൽ നിന്നും മടങ്ങി വന്ന ജനം തദ്ദേശവാസികളുമായി ഇടകലർന്നു ജീവിക്കുന്ന വർത്തമാനം കേട്ടു സ്തംഭിച്ചു പോയ എസ്രാ (9:1-4), ദൈവസന്നിധിയിൽ ജനങ്ങളുടെ കുറ്റം എസ്രാ ഏറ്റുപറയുന്നു (9:5-15) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ BC 536 ൽ ആയിരുന്നല്ലോ ആദ്യ സംഘം യെരുശലേമിൽ എത്തി ചേർന്നത്. രണ്ടാം സംഘമാകട്ടെ BC 458 ൽ എസ്രായുടെ നേതൃത്വത്തിലും. പിന്നിട്ട എഴുപത്തെട്ടു വർഷങ്ങളുടെ ഇടവേളയിൽ പ്രവാസത്തിൽ നിന്നും മടങ്ങി വന്ന യഹൂദരുടെ ആത്മീകവും രാഷ്ട്രീയവുമായ അവസ്ഥയുടെ നേർക്കാഴ്ചയാണ് ഈ അദ്ധ്യായത്തിന്റെ പശ്ചാത്തലമായി വരുന്നത്. മടങ്ങിവന്ന ജനം തദ്ദേശവാസികളുമായി ഇടകലർന്നു അന്യജാതികളുടെ മ്ലേച്ഛതകളിൽ ഇടപെട്ടു ആത്മീകമായും പരസ്പനരം വിവാഹബന്ധത്തിലേർപ്പെട്ടു വംശീയമായും അധഃപതനത്തിലേക്കു കൂപ്പുകുത്തിക്കഴിഞ്ഞിരുന്നു. അതിനു നേതൃത്വം കൊടുത്തതാകട്ടെ, പ്രഭുക്കന്മാരും പ്രമാണികളും പുരോഹിതന്മാരും! ഈ വർത്തമാനം എസ്രായുടെ സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചുകളയുന്ന ഒന്നായി താൻ വിലയിരുത്തി. അതിന്റെ ഫലമോ എസ്രാ വസ്ത്രവും മേലങ്കിയും കീറി തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു (9:3).
ദൈവഭയമുള്ള ഒരു കൂട്ടം ആളുകൾ തന്റെ ഒപ്പം കൂടുകയും സന്ധ്യായാഗം വരെ അവരെല്ലാവരും സ്തംഭിച്ചു ദൈവസന്നിധിയിൽ കുത്തിയിരുന്നു. സന്ധ്യായാഗത്തിന്റെ സമയം, ഒമ്പതാം മണിനേരം അഥവാ വൈകുന്നേരം മൂന്നു മണി എന്നു അനുമാനിക്കാം. അതുവരെയും കുത്തിരുന്ന എസ്രാ, താൻ ദുഃഖത്തിന്റെയും ആത്മതപനത്തിന്റെയും ഭാഗമായി കീറിയ വസ്ത്രത്തോടെ ദൈവസന്നിധിയിൽ മുട്ടുകുത്തി കൈകൾ മലർത്തി പ്രാർത്ഥനയ്ക്കായി തയ്യാറായി. തന്റെ പ്രാർത്ഥനയിൽ, ജനത്തിന്റെ കഴിഞ്ഞകാല പാപങ്ങളും (9:7), വർത്തമാനകാല വിടുതലുകളും (9:8,9), വർത്തമാനകാല പാപങ്ങളുടെ ആവർത്തനവും (9:10-12), യോഗ്യമായ ദൈവിക ഇടപെടലും (9:13,14), ദൈവത്തിന്റെ നീതിയും (9:15) കൃത്യമായി ഏറ്റുപറയുന്നു. എന്നാൽ പ്രത്യേകമായി ക്ഷമാപണം നടത്തുകയോ യാചനയുടെ ധ്വനിയോ ഈ പ്രാർത്ഥനയിൽ മുഴങ്ങുന്നില്ല എന്ന പ്രത്യേകതയും ഇവിടെ ചൂണ്ടിക്കാണിക്കുവാനുണ്ട്. ചുരുക്കത്തിൽ ജനത്തിന്റെ വഴിപിഴച്ച ഈ ചെയ്തികളുടെ അടിസ്ഥാനത്തിൽ യഹോവയായ ദൈവത്തിന്റെ ഇടപെടൽ ഏതുവിധമോ അതിനെ സമ്പൂർണ്ണമായി ഏറ്റെടുക്കുവാനുള്ള എസ്രായുടെ വിധേയത്വം ഈ പ്രാർത്ഥനയിൽ തുളുമ്പി നിൽക്കുന്നു എന്നു പഠിക്കുന്നതാണെനിക്കിഷ്ടം!
പ്രിയരേ, ദോഷമായ ചെയ്തികളുടെ തിക്തമായ ഫലങ്ങൾ എത്രയോ തവണ അനുഭവിച്ചു യിസ്രായേൽ ജനത! വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയും ക്ഷണിച്ചു വരുത്തുന്ന ദൈവിക ഇടപെടലുകൾ താങ്ങാകുവാനുള്ള ശേഷി യിസ്രായേലിനില്ല എന്ന തിരിച്ചറിവും എസ്രാ വിസ്മരിക്കുന്നില്ല. പിൽക്കാല പരാജയങ്ങൾക്കു പൂർണ്ണവിരാമമേറ്റി പുതിയൊരദ്ധ്യായത്തിനു മഷിപുരട്ടേണ്ടതിന്റെ അനിവാര്യത ഈ അനുക്രമത്തിലൂടെ മുമ്പോട്ട് വയ്ക്കപ്പെടുന്നു എന്നു ചൂണ്ടിക്കാണിക്കുവാനാണ് പ്രേരണ!