റിയോ ഡി ജനൈറോ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബ്രസീലിൽ പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് കുത്തേറ്റു. വലതുപക്ഷ സോഷ്യൽ ലിബറൽ പാർട്ടി (പി.എസ്.എൽ.) സ്ഥാനാർഥി ജൈർ ബൊൽസൊനാരോയ്ക്ക് നേരെയാണ് റാലിയ്ക്കിടെ ആക്രമണമുണ്ടായത്. മിനാസ് ഗെരായിസിലെ ജുയിസ് ഡി ഫോറ നഗരത്തിൽ വ്യാഴാഴ്ചയാണ് സംഭവം.
കുടലിന് ഗുരുതരമായി പരിക്കേറ്റ ബൊൽസൊനാരോയെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം അപകടനില തരണംചെയ്തെന്നും ആസ്പത്രിയധികൃതർ പറഞ്ഞു. വയറ്റിൽ ആഴത്തിലുള്ള മുറിവാണുണ്ടായത്.
റാലിയിൽ അണികൾ ബൊൽസൊനാരോയെ തോളിലേറ്റിപോകുന്നതിനിടെ അക്രമി അദ്ദേഹത്തെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അഡെലിയോ ബിസ്‍പോ ഡെ ഒലിവെയ്റ എന്നയാളാണ് ആക്രമണം നടത്തിയതെന്നും ഇടത് ചായ്‍വുള്ള പി.എസ്.ഒ.എൽ. പാർട്ടി പ്രവർത്തകനായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ്ചെയ്തു. ദൈവം നൽകിയ ദൗത്യമാണ് താൻ ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി പോലീസ് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ്.
ഒക്‌ടോബറിലാണ് ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽക്കഴിയുന്ന മുൻ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് കോടതി മത്സരവിലക്കേർപ്പെടുത്തിയതോടെ ഒക്ടോബർ ഏഴിനാരംഭിക്കുന്ന ആദ്യവട്ട വോട്ടെടുപ്പിൽ ബൊൽസൊനാരോയ്ക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്