മെക്സിക്കോ സിറ്റി : ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു ശില്പം വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ ഉയരാൻ പോകുന്നു.
2006-ൽ ഇറങ്ങിയ ബെല്ല എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മെക്സിക്കൻ നടൻ എഡ്വേഡോ വെരസ്റ്റേഗൂയിയാണ് ശില്പം പണിയാൻ മുൻകൈ എടുത്തിരിക്കുന്നത്. സമാധാനത്തിന്റെ ക്രിസ്തു എന്ന് പേരിട്ടിരിക്കുന്ന ശില്പത്തിന് 252 അടി ഉയരം ഉണ്ടായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമയ്ക്ക് 125 അടിയും പോളണ്ടിലെ ക്രിസ്തു രാജന്റെ പ്രതിമയ്ക്ക് 172 അടിയുമാണ് ഉയരം. ഫെർണാണ്ടോ റൊമേരോ എന്ന ശില്‍പ്പിയാണ് ലോകത്തെ ഏറ്റവും വലിയ ക്രിസ്തു രൂപം നിര്‍മ്മിക്കുന്നത്
ക്രിസ്തു തന്റെ സഭയെ ആലിംഗനം ചെയ്യുന്ന രീതിയിലായിരിക്കും ശില്പം നിർമ്മിക്കുന്നത്. നിര്‍മ്മിക്കാനിരിക്കുന്ന ക്രിസ്തു ശില്പം ആധുനിക ലോകത്തിലെ അത്ഭുതമായി മാറുമെന്നാണു അധികൃതർ അവകാശപ്പെടുന്നത്. നിര്‍മ്മാതാവായ എഡ്വേഡോ, ക്രിസ്തു ശില്പത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും, ഈ വർഷം ആദ്യം തന്നെ വിശദാംശങ്ങൾ പുറത്തുവിടാനാണ് അധികൃതർ കരുതുന്നത്.
സമാധാനത്തിന്റെ ക്രിസ്തു ശിൽപം സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും, സമാധാനത്തിന്റെയും പ്രതീകമാകുമെന്നാണ് വിശ്വാസം.
മോഡൽ, ഗായകൻ, നടൻ തുടങ്ങിയ നിലകളിൽ ജീവിതമാരംഭിച്ച നടൻ, ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിലപാടുകൾ ഉള്ള താരം കൂടിയാണ് എഡ്വേഡോ.