കാലിഫോർണിയ : അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത കോഴ്സുകള്‍ നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നു. സ്കൂളുകളില്‍ വിശ്വാസവും ബൈബിള്‍ പഠിപ്പിക്കണമെന്ന് അനുശാസിക്കുന്ന എച്ച്ബി195 ബില്ല് ഫ്ലോറിഡയിലെ ജാക്സണ്‍വില്ലെയിലെ ഡെമോക്രാറ്റിക് പ്രതിനിധിയായ കിംബര്‍ലി ഡാനിയല്‍സാണ് അവതരിപ്പിച്ചത്. ഓരോ വിദ്യാഭ്യാസ ജില്ലയും തങ്ങളുടെ സ്കൂളുകളില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐച്ഛിക വിഷയമായി പഠിക്കത്തക്കരീതിയില്‍ ഹീബ്രു ലിഖിതങ്ങള്‍, ബൈബിള്‍ എന്നിവയെ ആസ്പദമാക്കിയുള്ള പ്രത്യേക കോഴ്സുകള്‍ ആരംഭിക്കണമെന്ന് ഡാനിയല്‍സ് പറയുന്നു.
ഫയലില്‍ സ്വീകരിച്ചിരിക്കുന്ന ഈ ബില്‍ പാസാകുകയാണെങ്കില്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഡൂവല്‍ കൗണ്ടിയിലെ 14 ജില്ലകളെയാണ് ഡാനിയല്‍സ് പ്രതിനിധീകരിക്കുന്നത്. ഇതിനുമുന്‍പ് പബ്ലിക് സ്കൂളുകളില്‍ “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” (In God We Trust) എന്ന മുദ്രാവാക്യം പ്രദര്‍ശിപ്പിക്കണമെന്ന ബില്‍ മുന്നോട്ട് വെച്ചതും ഇവര്‍ തന്നെയായിരുന്നു. ഗവര്‍ണര്‍ റിക്ക് സ്കോട്ട് ഒപ്പ് വെച്ചതോടെ 2018 മാര്‍ച്ചില്‍ ഈ ബില്‍ നിയമമായി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സംസ്ഥാനമായ കെന്റകിയിലെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ കോഴ്സുകള്‍ പുനഃസ്ഥാപിച്ചിരിന്നു.