ക്രൈസ്തവര്‍ക്കായി മരണം വരിച്ച് മുസ്ലിം പോലീസ് ഉദ്യോഗസ്ഥന്‍: എന്നും കടപ്പെട്ടിരിക്കുന്നു ലോകം

കെയ്റോ : ഈജിപ്തിൽ ക്രൈസ്തവരെ രക്ഷിക്കാൻ സ്വജീവൻ ബലികൊടുത്ത മുസ്ലിം പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നന്ദി അറിയിച്ചു ക്രൈസ്തവരുടെ കൃതജ്ഞതാ കത്ത്. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ സംഘടനയുടെ ആഹ്വാന പ്രകാരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവർ നന്ദി സൂചക കത്തിൽ ഒപ്പ് രേഖപ്പെടുത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനായ മുസ്തഫ അബിദിന്റെ കുടുംബത്തിന് അയക്കുന്ന കത്തിൽ ഒപ്പിടാനാണ് സംഘടന ക്രൈസ്ത വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ജനുവരി അഞ്ചാം തീയതിയാണ് ക്രൈസ്തവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് അപകടം സംഭവിച്ചത്.

കെയ്റോയിലെ, നാസർ എന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന വെർജിൻ മേരി ആൻഡ് ഫാദർ സേയ്ഫിൻ എന്ന ദേവാലയത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ചു മുസ്തഫ കൊല്ലപ്പെടുകയായിരുന്നു. മൂന്ന് പേർക്ക് സംഭവത്തിൽ പരിക്കേറ്റു. കോപ്റ്റിക് ക്രൈസ്തവരുടെ ക്രിസ്തുമസിന് തലേദിവസമാണ് സംഭവം നടന്നത്. അക്രമികളുടെ പദ്ധതി നടപ്പാക്കുകയായിരുന്നുവെങ്കിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ അനേകം പേർക്ക് ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ വിലയിരുത്തി.

പോലീസുകാരന്റെ കൃത്യ സമയത്തെ ഇടപെടൽ മൂലം ബോംബ് നിർവീര്യമായില്ലായിരുന്നുവെങ്കിൽ നൂറുകണക്കിന് ഈജിപ്തുകാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് സംഘടന തയാറാക്കിയ കത്തിന്റെ തുടക്കത്തിൽ പറയുന്നു. ബോംബ് സ്ക്വാഡിലെ മറ്റ് അംഗങ്ങൾക്കും സംഘടന കത്തയച്ചിട്ടുണ്ട്. സ്നേഹിതനു വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്നാണ് ബൈബിളിൽ പറയുന്നതെന്നും ആ സ്നേഹമാണ് അബിദിന്റെ ജീവിതത്തിൽ കാണാനായതെന്നും കത്തിൽ സ്മരിക്കുന്നു.

പ്രശസ്തിയും, ജീവിത മാർഗ്ഗവും, ജീവൻ തന്നെയും നഷ്ടപ്പെടുത്തി ക്രിസ്ത്യാനികളെ സഹായിക്കാൻ തയ്യാറായ ആളുകളോട് നന്ദി പ്രകാശിപ്പിക്കാൻ അവസരം ലഭിക്കുന്നത് അസാധാരണമായ ഒരു കാര്യമാണെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ പിന്നീട് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 

Comments (0)
Add Comment