മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളിൽ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠം. രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന വൈദ്യന്റെ പേരു പിന്തുടർന്ന് “ഹാൻസന്റെ രോഗം” എന്ന പേരിലും ഇതറിയപ്പെടുന്നു.
രോഗലക്ഷണങ്ങൾ
മുഖ്യമായും ശ്വാസനാളത്തിന്റെ മേൽഭാഗത്തെ ഉപരിതലനാഡികളേയും ശ്ലേഷ്മപടലത്തേയും ബാധിക്കുന്ന തിണൽരോഗമായ (Granulomatous disease) കുഷ്ഠത്തിന്റെ പ്രധാന ബാഹ്യലക്ഷണം ചർമ്മത്തിലെ ക്ഷതങ്ങളാണ്. ചികിത്സ ചെയ്യാതിരുന്നാൽ ഈ രോഗം ക്രമേണ വഷളായി, ചർമ്മത്തിനും, നാഡികൾക്കും, അവയവങ്ങൾക്കും, കണ്ണ് ഉൾപ്പെടെയുള്ള ഇന്ദ്രിയങ്ങൾക്കും സ്ഥായിയായ കേടു വരുത്താനിടയുണ്ട്. എങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നതു പോലെ, ശരീരഭാഗങ്ങൾ ഈ രോഗത്തിന്റെ മാത്രം ഫലമായി അടർന്നു പോകാറില്ല; എന്നാൽ ദ്വിതീയമായ അണുബാധയിൽ അവയവങ്ങൾക്ക് ക്ഷതം പറ്റുകയോ ചേതന നഷ്ടപ്പെടുകയോ ചെയ്യാം. കുഷ്ഠബാധ ശരീരത്തിന്റെ പ്രതിരോധശക്തിയെ ദുർബ്ബലപ്പെടുത്തുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഈ ദ്വിതീയബാധകളിൽ അവയവങ്ങൾ ക്ഷയിക്കുകയോ, വികൃതമാവുകയോ, തരുണാസ്ഥി ആഗിരണം ചെയ്യപ്പെട്ട് ചെറുതാവുകയോ ചെയ്യാം.
ചരിത്രം
മനുഷ്യരാശി നാലായിരം വർഷമെങ്കിലുമായി നേരിടുന്ന രോഗമാണ് കുഷ്ഠം എന്നാണ് ചരിത്രസാക്ഷ്യം. ഇന്ത്യയിലേയും, ചൈനയിലേയും, ഈജിപ്തിലേയും പുരാതനസംസ്കാരങ്ങൾക്ക് ഈ രോഗം പരിചിതമായിരുന്നു. അക്കാലങ്ങളിൽ കുഷ്ഠബാധയിൽ ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടക്ക് ആളുകൾക്ക് സ്ഥിരമായ അംഗഭംഗം വന്നിട്ടുണ്ടാകാമെന്ന് 1995-ൽ ലോകാരോഗ്യസംഘടന കണക്കാക്കി. കഴിഞ്ഞ 20 വർഷത്തിനിടെ ലോകമൊട്ടാകെ 15 ലക്ഷം മനുഷ്യർ ഈ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു. ചികിത്സക്കു സൗകര്യമുള്ള സാഹചര്യങ്ങളിൽ, രോഗികളെ നിർബ്ബന്ധപൂർവം ഒറ്റപ്പെടുത്തുകയോ മാറ്റി താമസിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെ പല നാടുകളിലും കുഷ്ഠരോഗികളുടെ കോളനികൾ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയിൽ തന്നെ ആയിരത്തോളം കോളനികൾ ഉള്ളതായി പറയപ്പെടുന്നു. ചൈന, റൊമേനിയ, ഈജിപ്ത്, നേപ്പാൾ, സൊമാലിയ, ലൈബീരിയ, വിയറ്റ്നാം, ജപ്പാൻ എന്നിവിടങ്ങളിലും കുഷ്ഠരോഗി കോളനികളുണ്ട്. ഏറെ സാംക്രമികസ്വഭാവമുള്ള രോഗമായി കുഷ്ഠം ഒരു കാലത്തു കരുതപ്പെട്ടിരുന്നു. 1530-ൽ തിരിച്ചറിയപ്പെട്ട സിഫിലിസിന്റെ കാര്യത്തിലെന്ന പോലെ രസം(മെർക്കുറി) ഉപയോഗിച്ചായിരുന്നു ഇതിന്റെയും ചികിത്സ. ചിലപ്പോഴെങ്കിലും കുഷ്ഠമായി കണക്കാക്കപ്പെട്ടിരുന്നത് സിഫിലിസ് ആയിരുന്നിരിക്കാനും സാദ്ധ്യതയുണ്ട്.
ചികിത്സ
കുഷ്ഠരോഗവുമായി ബന്ധപ്പെട്ട പുരാതനമായ ‘മാനക്കേട്’ പല സമൂഹങ്ങളിലും ഇപ്പോഴും നിലനിൽക്കുകയും രോഗത്തെ സംബന്ധിച്ച തുറവി ഇല്ലാതാക്കി ചികിത്സക്കു സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. 1930-കളിൽ ഡാപ്സോണും അതിൽ നിന്നു രൂപപ്പെടുത്തുന്ന മറ്റു മരുന്നുകളും ലഭ്യമായതോടെ കുഷ്ഠത്തിന്റെ ചികിത്സ സാദ്ധ്യമായി. എന്നാൽ ഡാപ്സോണിനെ ചെറുത്തു നിൽക്കാൻ കഴിവുള്ള അണുജനുസ്സ് പിൽക്കാലത്ത് ഉത്ഭവിക്കുകയും ആ മരുന്നിന്റെ അമിതോപയോഗം മൂലം വ്യാപകമാവുകയും ചെയ്തു. 1980-കളിൽ “വിവിധൗഷധചികിത്സ” (Multi Drug Therapy – MDT) നിലവിൽ വന്നതോടെയാണ് ഈ രോഗത്തിന്റെ തിരിച്ചറിവും ചികിത്സയും കൂടുതൽ ഫലപ്രദമായത്.“`