ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാം

ന്യുയോർക്ക്: വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ‘അണ്‍സെന്റ്’ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്‌സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം.

ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. വാട്‌സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്.മെസഞ്ചര്‍ ആപ്പിലും ഫെയ്‌സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

ഫെയ്‌സബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പൊല്ലാപ്പിലാകുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാവും.

ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നല്‍കിയത് ഇപ്പോള്‍ ഒരുമണിക്കൂര്‍ വരെ സന്ദേശങ്ങള്‍ നീക്കം ചെയ്യാം. ഫെയ്‌സബുക്കിലും സമയപരിധി കൂട്ടുമോ എന്ന് വ്യക്തമല്ല.

Comments (0)
Add Comment