നെയ്റോബി: കെനിയയുടെ വടക്കുകിഴക്ക് അതിർത്തി മേഖലയിൽ യാത്രയിൽ ആയിരുന്ന ബസ് തടഞ്ഞു നിർത്തി ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ തെരഞ്ഞു പിടിച്ചു വെടിവെച്ചു കൊന്നു.
9 ക്രൈസ്തവർ ഭീകരരുടെ തോക്കിനിരയായി. ഡിസംബർ ആറാം തീയതി ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ നിന്നും മാൻഡേറയിലേക്ക് പോയ ബസിനു നേരെയാണ് തീവ്രവാദി ആക്രമണം ഉണ്ടായതെന്ന് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ-ഷബാബ് എന്ന തീവ്രവാദി സംഘടനയാണ് ഈ കൊടും കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ബസ് തടഞ്ഞു നിർത്തിയതിനു ശേഷം തീവ്രവാദികൾ ബസിലുണ്ടായിരുന്ന അന്‍പതിലധികം വരുന്ന യാത്രക്കാരെ മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമായി വേര്‍തിരിച്ചു. പിന്നീട് ഇസ്ലാമിക വിശ്വാസ പ്രമാണം ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടു. തുടര്‍ന്നു വിശ്വാസപ്രമാണം ചൊല്ലാത്ത ക്രൈസ്തവർക്ക് നേരെ അൽ ഷബാബ് തീവ്രവാദികൾ നിറയൊഴിക്കുകയായിരിന്നു. മാൻഡേറ ഗവർണർ ഈ സംഭവത്തെ ചൊല്ലി അപലപിച്ചു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കെനിയൻ പ്രസിഡന്റ് ഉഹുരു കെനിയാറ്റ ദേശിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിട്ടുണ്ട്.
ഇതേ പോലെ സമാനമായ ആക്രമണം ക്രൈസ്തവർക്ക് നേരെ 2018ലും ഇവിടെ ഉണ്ടായിട്ടുണ്ട്. അന്ന് രണ്ടു പേരാണ് കൊല്ലപ്പെട്ടത്.