ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ലണ്ടൻ: കോവിഡ്-19 രോഗലക്ഷണങ്ങൾ മാറ്റമില്ലാതെ നിന്നതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗം സ്ഥിരീകരിക്കുകയും ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയും ചെയ്തതിനേത്തുടർന്നാണിത്.
വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വഹിക്കാൻ ബോറിസ് ജോണ്സണ് നിർദേശിച്ചെന്നാണ് വിവരം. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
55കാരനായ ബോറിസ് ജോണ്‍സണെ തുടർ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തേ, പനി ഭേദമാകാത്തതിനെ തുടർന്ന് ബോറിസിന്റെ ഐസൊലഷൻ നീട്ടിയിരുന്നു.
രോഗലക്ഷണങ്ങൾ ഗുരുതരമല്ലാത്തതിനാൽ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന അദ്ദേഹം യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.