സിഡ്നി: മുൻ ഓസീസ് ക്രിക്കറ്റ് താരം മാത്യു ഹെയ‍്‍ഡന് അപകടത്തിൽ ഗുരുതര പരിക്ക്. ക്വൂൻസ‍്‍ലാൻറിൽ ഒഴിവുദിവസം ചെലവഴിക്കുന്നതിനിടെ സർഫിങിനിടെയാണ് താരത്തിന് അപകടം പറ്റിയത്. താരത്തിന് അപകടത്തിൽ നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
കഴുത്തിനും നെറ്റിയിലും പരിക്കുകളുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മുഖമുള്ള ചിത്രവുമായി ഹെയ‍്‍ഡൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് ഹെയ‍്‍ഡൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് നോർത്ത് സ്ട്രാഡ് ബ്രോക് ദ്വീപിൽ ഹെയ്ഡൻ സർഫിങ്ങിനു പോയത്. മകനായ ജോഷും അപകടസമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കഴുത്തിൽ കോളർ ബെൽറ്റ് ഇട്ടു തലയ്ക്കു പരുക്കേറ്റ നിലയിലുള്ള ഹെയ്ഡന്റെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചികിൽസയുടെ ഭാഗമായി എംആർഐ, സിടി സ്കാനുകൾക്കു വിധേയനായതായും തിരിച്ചുവരവിന്റെ പാതയിലാണു താനെന്നും ഹെയ്ഡൻ അറിയിച്ചു.
103 ടെസ്റ്റ് മൽസരങ്ങൾ കളിച്ചിട്ടുള്ള ഹെയ്ഡൻ 2009ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. ഭാഗ്യം കൊണ്ടാണു താൻ രക്ഷപ്പെട്ടതെന്നു താരം ഒരു ഓസ്ട്രേലിയൻ മാധ്യമത്തോടു പറഞ്ഞു. മാത്യു ഹെയ്ഡൻ അപകടത്തിൽപെടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 1999ൽ നോർത്ത് സ്ട്രാഡ്ബ്രോക്കിൽ വച്ച് മാത്യു ഹെയ്ഡൻ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽപെട്ടിരുന്നു. മറ്റൊരു ക്രിക്കറ്റ് താരമായ അൻഡ്രു സൈമണ്ട്സിനൊപ്പം ഒരു കിലോമീറ്ററോളം നീന്തിയാണ് അന്ന് താരം രക്ഷപ്പെട്ടത്.