മോസ്കോ: ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത റഷ്യയില്‍നിന്ന്. ലോകത്തെ ആദ്യ കോവിഡ് വാക്സീന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്സീന് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്സീന് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സീന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാംപെയ്ൻ നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ. നിലവിൽ ഗവേഷണത്തിലിരിക്കുന്ന വാക്സിനുകളിലൊന്ന് ക്ലിനിക്കൽ ട്രയൽ (മനുഷ്യരിലെ പരീക്ഷണം) വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മോസ്കോയിൽ സർക്കാർ നിയന്ത്രണത്തിലുളള ഗാമലെയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വാക്സീന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായത്. വാക്സീൻ ഔദ്യോഗികമായി റജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതോടെ ഇനി വാക്സിനേഷൻ നടപടിയിലേക്കു കടക്കും.
ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യം വാക്സീൻ നൽകുക. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്സീന് ഓഗസ്റ്റിൽ സർക്കാർ അനുമതി നല്‍കുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 12നായിരിക്കും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നു പറഞ്ഞിരുന്നെങ്കിലും 11നു തന്നെ പുടിൻ പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യഘട്ടത്തിൽ ഇതു നല്‍കുക. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉൽപാദിപ്പിക്കുന്ന തരം വാക്സീനിലാണ് റഷ്യയുടെ പരീക്ഷണം.
അതേസമയം, ഇത്രയേറെ വേഗത്തിൽ വാക്സീൻ മനുഷ്യരിൽ കൂട്ടമായി പരീക്ഷിക്കുന്നതിനെ ഒരു വിഭാഗം ഗവേഷകർ ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രത്തെയും ജനങ്ങളുടെയും സുരക്ഷ കണക്കാക്കാതെ രാജ്യത്തിന്റെ അഭിമാനം മാത്രം മനസ്സിൽവച്ചാണ് റഷ്യ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിക്കുന്നു. എന്നാൽ 1957ൽ ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്–1 വിക്ഷേപിച്ച സോവിയറ്റ് യൂണിയനോടാണ് വാക്സീൻ പ്രവർത്തനങ്ങളെ ഒരു വിഭാഗം ഉപമിക്കുന്നത്. യുഎസിനെ മറികടന്ന് അന്ന് സോവിയറ്റ് യൂണിയൻ അത്തരമൊരു നേട്ടം കൈവരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അവർ പറയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം പുടിനും സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. നൂറോളം വാക്സിനുകളാണ് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാൻ തയാറാകുന്നത്. നാലെണ്ണം മൂന്നാം ഘട്ടത്തിലെത്തി മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയാണ്. അതിൽ മൂന്നെണ്ണം ചൈനയിലും ഒന്ന് ബ്രിട്ടനിലാണെന്നും ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു.