കാലിഫോർണിയ: ഗൂഗിളിന്റെ മറ്റൊരു സേവനം കൂടി അപ്രത്യക്ഷമാവാൻ സാധ്യതയേറുന്നു. വീഡിയോ കോളിങ് ആപ്ലിക്കേഷനായ ഗൂഗിൾ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള ആലോചനയ്ക്ക് ധാരണ ആയെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇരു ആപ്പുകളേയും ലയിപ്പിക്കാനുള്ള പദ്ധതിക്ക് ” ഡ്യുവറ്റ് “എന്ന് കോഡ് നാമം നൽകിയിട്ടുണ്ട്. ഈ വർഷം മേയിൽ ചുമതലയേറ്റ ജിസ്യൂട്ട് മേധാവി ജാവിയർ സോള്ടേറോയുടേതാണ് ഈ തീരുമാനം. വീഡിയോ കോൺഫറൻസിങ് സേവനമായ സൂമിന് ശക്തനായ ഒരു എതിരാളിയാണ് ഗൂഗിൾ മീറ്റ്. വർക്ക് ഫ്രം ഹോം വർധിച്ചതും വലിയൊരു വിഭാഗം സ്ഥാപനങ്ങളും ജിസ്യൂട്ട് ഉപയോക്താക്കളാണെന്നതും സൂമിന് വെല്ലുവിളിയാവുന്നുണ്ട്. അതേസമയം ലോക്ക്ഡൗൺ കാലത്ത് ഗൂഗിൾ ഡ്യുവോയുടെ ഉപയോഗത്തിലും വലിയ വർധനവാണുള്ളത്. മേയിൽ ആകെ 300 കോടി മിനിറ്റ് നേരം ഡ്യുവോ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിദിനം 30 ലക്ഷം മിനിറ്റുകൾക്കടുത്ത് ഉപയോഗമുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഡ്യുവോയെ മീറ്റുമായി ലയിപ്പിക്കാനുള്ള നീക്കം ഡ്യുവോയ്ക്ക് പിറകിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കിടയിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.നേരത്തെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ മാത്രമാണ് ഡ്യുവോ വഴി വീഡിയോ കോൾ ചെയ്യാൻ സാധിച്ചിരുന്നത് എങ്കിൽ അടുത്തിടെ ഇമെയിൽ ഐഡി ഉപയോഗിച്ച് ആളുകളെ വിളിക്കാനുള്ള സൗകര്യം ഡ്യുവോ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഏപ്രിലിലെ അപ്ഡേറ്റിലൂടെ ഡ്യുവോ വീഡിയോ ഗുണമേന്മ മെച്ചപ്പെടുത്തുകയും ഒരേ സമയം 32 പേരോട് വരെ സംസാരിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ലിങ്ക് വഴി ആളുകളെ വീഡിയോ ചാറ്റിലേക്ക് ക്ഷണിക്കാനും ഡ്യുവോയിൽ സാധിച്ചിരുന്നു. അതേസമയം ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾക്ക് നൽകുന്ന ജിസ്യൂട്ടിന്റെ ഭാഗമായാണ് ഗൂഗിൾ മീറ്റ് പ്രവർത്തിച്ചിരുന്നത്. സെപ്റ്റംബർ 30 വരെ മീറ്റ് സൗജന്യമാക്കുകയും ജിമെയിൽ ആപ്പുമായി ബന്ധിപ്പിക്കുകയും ചെയ്തത് മീറ്റിന്റെ പ്രചാരം വർധിപ്പിച്ചിരുന്നു.