ലാഹോര്‍: പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ ആരോപിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയുടെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ലാഹോറിലെ സെന്റ് ജോസഫ്സ് ക്രിസ്ത്യന്‍ കോളനി സ്വദേശിയായ സാവന്‍ മസീഹ് എന്നയാൾക്കാണ് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം നീതി ലഭിച്ചിരിക്കുന്നത്. മസീഹ് സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. 2014 മാര്‍ച്ചിലാണ് മസീഹ് അറസ്റ്റിലാവുന്നത്. 2013-ൽ ഒരു മുസ്ലീം സുഹൃത്ത്, ഇമ്രാനുമായുള്ള സംസാരത്തിനിടെ ഇദ്ദേഹം പ്രവാചകനിന്ദ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടത്. വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഒരു പ്രാദേശിക പള്ളി ഉച്ചഭാഷിണിയിലൂടെ ഇക്കാര്യം പ്രക്ഷേപണം ചെയ്കയും ചെയ്തു, തുടർന്ന് മൂവായിരത്തിലധികം വരുന്ന മുസ്ലിംകൾ ജോസഫ് കോളനിയെ ആക്രമിച്ചു, ക്രിസ്ത്യൻ നിവാസികളെ അവരുടെ വീടുകൾ പോലെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി.
നൂറ്റമ്പതിലധികം ഭവനങ്ങൾ, വ്യാപാരശാലകൾ, ആരാധനാലയങ്ങൾ എന്നിവയാണ് ഈ പ്രദേശത്ത് നശിപ്പിക്കപ്പെട്ടത്. തുടര്‍ന്നു സകലതും ഉപേക്ഷിച്ച് നൂറുകണക്കിന് ക്രൈസ്തവര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നത്. കോളനിയിലെ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിച്ച ചില ബിസിനസുകാര്‍ മതനിന്ദാനിയമം ദുരുപയോഗിക്കുകയായിരുന്നുവെന്ന് മസീഹ് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിന്നു. മസീഹിന്റെ അഭിഭാഷകന് താഹിർ ബഷീർ, പോലീസിന്റെയും വിചാരണക്കോടതിയുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ തെളിവുകള്‍ സഹിതം വിവരിച്ചതോടെ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി മസീഹിനെ മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടും (എഫ്ഐആർ) പരാതിക്കാരനായ ഷാഹിദ് ഇമ്രാൻ വിചാരണക്കോടതിയിൽ രേഖപ്പെടുത്തിയ പ്രസ്താവനയും തമ്മിൽ വ്യക്തമായ വൈരുദ്ധ്യങ്ങളുണ്ടെന്ന് ബഷീർ പറയുന്നു. പ്രാരംഭ എഫ്ഐആറിൽ മതനിന്ദാ വാക്കുകളൊന്നും പരാമർശിച്ചിട്ടില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് എട്ട് ദിവസത്തിന് ശേഷം ഒരു അനുബന്ധ പ്രസ്താവനയിൽ പരാതിക്കാരൻ പുണ്യവാക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍, ലാഹോറിലെ യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശി ആസിഫ് പര്‍വേസ് മസീഹ് എന്ന യുവാവിന് ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥനു മതനിന്ദക്കുറ്റത്തിനു കാരണമായ മെസേജ് അയച്ചു’വെന്ന കെട്ടിച്ചമച്ച ആരോപണത്തെ തുടര്‍ന്നു പാക്ക് കോടതി വധശിക്ഷ വിധിച്ചിരിന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപാധിയായി മാറിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം.
പതിറ്റാണ്ടുകളായി രാജ്യത്തെ ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലെന്നും, പാക്കിസ്ഥാന് പീനല്‍ കോഡ് സെക്ഷന്‍ 295-C യുടെ ഭേദഗതിയിലൂടെ ശക്തമായ മതനിന്ദാ നിയമം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതുമാണെന്നുള്ള ആരോപണം വര്‍ഷങ്ങളായി പ്രബലമാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍ക്ക് നേരെയുള്ളതാണെന്നതും ശ്രദ്ധേയമാണ്.
2018 ൽ, മനുഷ്യാവകാശങ്ങൾക്കായുള്ള പ്രത്യേക സമിതിയും ഇസ്ലാമാബാദ് ഹൈക്കോടതിയും വ്യാജ മതനിന്ദ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കടുത്ത ശിക്ഷാനടപടികൾ നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു – എന്നാൽ സർക്കാർ ശുപാർശ നിരസിച്ചു.