സൊമാലിയ: ഒക്ടോബർ 5 ന് ക്രിസ്ത്യൻ ദമ്പതികളെ അറസ്റ്റ് ചെയ്തതായി സൊമാലിലാൻഡ് പോലീസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. “ ഇവർ മതവിദ്വേഷികളും ക്രിസ്തുമതം പ്രചരിപ്പിക്കുന്ന സുവിശേഷകരുമാണ്” ദമ്പതികളെ അറസ്റ്റ് ചെയ്തതിന്റെ കാരണമായി പോലീസ് പറഞ്ഞു.
സെപ്റ്റംബർ 21 ന് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ‘അജ്ഞാത സന്ദേശത്തെ’ത്തുടർന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പത്രസമ്മേളനത്തിൽ, ഒരു കേണൽ, മതപരമായ പ്രവർത്തനങ്ങളും സുവിശേഷ പ്രചരണങ്ങളും റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു.
“ഈ പ്രദേശത്ത് ക്രിസ്തുമതം പ്രചരിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ, അവർ നിയമപാലകരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുകയില്ല, ക്രിസ്തുമതത്തിന്റെ വ്യാപനം ഇവിടെ അനുവദിക്കുകയില്ല, അത് മതനിന്ദയായി കണക്കാക്കുമെന്ന കാര്യം അറിഞ്ഞിരിക്കുക”, കേണൽ ഭീഷണിപ്പെടുത്തി.
ദമ്പതികൾ വിചാരണയ്ക്കായി കാത്തിരിക്കുമ്പോൾ, അവരുടെ അനുഭവം പ്രാദേശിക സോമാലിയൻ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ ഭീതി ഉളവാക്കുകയും, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനും പ്രേരിപ്പിക്കുന്നു.