ചൈന: ക്രിസ്തു വിശ്വാസം നിമിത്തം മുൻപ് തടവിലാക്കപ്പെട്ട ഒരു ചൈനീസ് ക്രിസ്ത്യൻ അധ്യാപികയെ, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി ഉപയോഗിക്കുന്നതായും വിദ്യാർത്ഥികളുമായി വിശ്വാസം പങ്കുവെച്ചതായും ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതർ ചൈനയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതയാക്കുന്നു.
തിങ്കളാഴ്ച ജൂബിലി കാമ്പെയ്ൻ, യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ വെബിനാറിന് ആതിഥേയത്വം വഹിച്ചു; “കുട്ടികൾക്കുള്ള ചൈനയുടെ വിശ്വാസ നിരോധനം” എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. മതത്തിനെതിരായ ചൈനയുടെ ആക്രമണത്തിൽ ഇരകളായവരുടെയും അതിജീവിച്ചവരുടെയും സാക്ഷ്യങ്ങളും പങ്കുവയ്ക്കപ്പെട്ടിരുന്നു.
നഴ്സറി അധ്യാപിക എസ്ഥേർ, സ്കൂളിൽ ജോലിചെയ്യുമ്പോൾ തന്നെ, കൗമാരക്കാർക്കും മുതിർന്നവർക്കുമായി ക്രിസ്ത്യൻ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ ഉത്സുകയായിരുന്നു. ഈ സമയത്ത്, ഒരു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ എസ്ഥറിനെ വിളിച്ചുവരുത്തി, ഒരു കിന്റർഗാർട്ടൻ അധ്യാപികയെന്ന നിലയിൽ അവളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിശ്വാസം ഉപേക്ഷിക്കാൻ അവളെ പ്രോത്സാഹിപ്പിച്ചു.
അടുത്ത രണ്ട് വർഷങ്ങൾ താരതമ്യേന “സമാധാനപരമായിരുന്നു” എങ്കിലും, കുട്ടികൾക്കായി മതപഠന ക്യാമ്പുകൾ ആസൂത്രണം ചെയ്യുന്നതും കുട്ടികളെ അപ്രകാരമുള്ള പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കുന്നതും നിർത്തണമെന്നു കാട്ടി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സമയാസമയങ്ങളിൽ തനിക്ക് ഫോൺ കോളുകൾ ലഭിച്ചുവെന്ന് എസ്ഥർ പറഞ്ഞു.
2014-ൽ വീണ്ടും എസ്ഥറിനെ വിദ്യാഭ്യാസ ബ്യൂറോ അധികൃതർ വിളിച്ചുവരുത്തി 24 മണിക്കൂറോളം ചോദ്യം ചെയ്തു. മതപരമോ നിയമവിരുദ്ധമോ ആയ വസ്തുക്കൾക്കായി അധികാരികൾ അവളുടെ ക്ലാസ്റൂമിൽ റെയ്ഡും നടത്തി.
ചൈനയിലെ ഭരണകൂടത്തിന്റെ വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുതയെക്കുറിച്ചുള്ള വാർത്തകൾ ഇക്കാലങ്ങളിൽ ക്രിസ്തീയ മാധ്യമങ്ങൾ തുടരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.