16 നൂറ്റാണ്ടുകൾക്കിടെ ആദ്യമായി വിജനമായ വിശുദ്ധനാട്

യെരുശലേം: കഴിഞ്ഞ പതിനാറു നൂറ്റാണ്ടുൾക്കിടയില്‍ ഇതാദ്യമായി തീര്‍ത്ഥാടകര്‍ ഇല്ലാതെ ശൂന്യമായി വിശുദ്ധനാട്. ലോകമാകെ മനുഷ്യജീവിതം സ്തംഭനത്തിലാക്കായ കോവിസ് – 19ന്റെ അനന്തരഫലമായാണിതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ വർഷം (2019) വിശുദ്ധനാട് സന്ദർശകരുടെ എണ്ണം സർവ്വകാല റെക്കാർഡിലെത്തിയിരുന്നു എന്നോർക്കുമ്പോഴാണ് ഈ ശൂന്യതയുടെ വലിപ്പം വ്യക്തമാകുന്നത്. കൊറോണ മഹാമാരി തുടരുന്ന സാഹചര്യത്തില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ഈ അവസ്ഥ നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്.

നൂറ്റാണ്ടുകളായി ആയിരക്കണക്കിന് വിശ്വാസികള്‍ പ്രവേശനത്തിനായി ക്യൂ നിന്നുകൊണ്ടിരുന്ന വിശുദ്ധ നാട്ടിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബെത്‌ലഹേമിലെ തിരുപ്പിറവി പ്പള്ളിയും തിരുക്കല്ലറപ്പള്ളിയും ഇന്ന്‍ വിജനമായി കിടക്കുകയാണ്. കിന്നരത്ത് തടാകത്തിന് ചുറ്റുമുള്ള കപ്പർനഹൂമും മറ്റ് പ്രശസ്ത ബൈബിൾ പ്രദേശങ്ങളും എല്ലാം ഉപേക്ഷിക്കപ്പെട്ടതുപോലെ.

150 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്,
ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന്‍ ജെറുസലേമിലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിനു മുന്‍പ് കുറവുണ്ടായിട്ടുള്ളത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉൾപ്പെടെ കഴിഞ്ഞ കാലത്തെ അസ്ഥിരമായ കാലഘട്ടങ്ങളിൽ പോലും പുണ്യഭൂമിയിൽ തീർത്ഥാടന ടൂറിസം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഈ സന്ദർശകർ ജാഫയിലേക്കു നേരിട്ടുള്ള കപ്പൽ യാത്രയും ജറുസലേമിലേക്കുള്ള റെയിൽ യാത്രയും ആസ്വദിച്ചു. മതപരവും മറ്റ് കാരണങ്ങളുമായാണ് അവർ ഇവിടെയെത്തിയത്, അവരുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനും ആരോഗ്യപരമായ കാരണങ്ങളാലും ജീവിതപങ്കാളിയെ കണ്ടെത്താനോ, ഉപജീവനമാർഗ്ഗം കണ്ടെത്താനോ ഒക്കെ. മരണാനന്തര ജീവിതത്തിനുള്ള തയ്യാറെടുപ്പുകൾക്കായി തിരുക്കല്ലറപ്പള്ളി സന്ദർശിക്കേണ്ടത് അത്യാവശ്യമാണെന്നും പലരും വിശ്വസിച്ചു. ക്രീമിയന്‍ യുദ്ധത്തിനു ശേഷവും ജെറുസലേമില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരുന്നു.

കൊറോണക്കാലത്ത് വിശുദ്ധനാട് തീർത്ഥാടകരില്ലായ്കയാൽ ആ മേഖലയിൽ നിന്നു ലഭിക്കാവുന്ന കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് അധകൃതർക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശിച്ച 42 ലക്ഷം വിനോദ സഞ്ചാരികളില്‍ 10 ലക്ഷവും ക്രൈസ്തവരായിരുന്നു. ഏതാണ്ട് 150 കോടി ഡോളറാണ് ഇവര്‍ ടൂറിസം മേഖലയ്ക്ക് സമ്മാനിച്ചത്. അതേസമയം തീര്‍ത്ഥാടകര്‍ ഒഴിഞ്ഞ ഈ സമയം വിശുദ്ധനാട്ടിലെ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനാണ് വിശുദ്ധനാട്ടിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടന സ്ഥലങ്ങളുടെ സുരക്ഷക്കായി വത്തിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ‘കസ്റ്റോഡിയ ടെറാ സാന്റാ’യിലെ അംഗങ്ങളുടെ തീരുമാനം.

Comments (0)
Add Comment