ജക്കാർത്ത: ഇന്തോനേഷ്യയിൽ ഓരോ പൗരനും തങ്ങളുടെ ഇഷ്ടാനുസാരം മതവിശ്വാസം സ്വീകരിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യത്തിന് വ്യക്തമായ നിയമം ഉണ്ടായിരുന്നിട്ടും, പ്രായോഗികമായി ഇവിടെ നടക്കുന്നത് മറ്റൊരു കഥയാണ്; ഇവിടെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് തുടരുകയാണ്. രാജ്യത്തെ
തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ യാതൊരു ഭയവുമില്ലാതെ പരസ്യമായി ഉപദ്രവിച്ചു കൊണ്ടിരിക്കുമ്പോഴും, ഈ ഭീകരവാദികളുടെ ക്രൂരതയ്ക്കെതിരെ ഉറച്ച നടപടി സ്വീകരിക്കാൻ ഇന്തോനേഷ്യൻ സർക്കാരിനു ധൈര്യമുണ്ടാകുന്നില്ല. ഈ സംഭവങ്ങൾ നടക്കാൻ സർക്കാർ അനുവദിച്ചുവെന്നാണ് ആരോപണം. ചില സന്ദർഭങ്ങളിൽ, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ സർക്കാർ ഈ ഗ്രൂപ്പുകൾക്ക് ഒത്താശ ചെയ്തിരുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സർക്കാറിന്റെ സമ്മതം ഈ അക്രമകാരികളെ ധൈര്യപ്പെടുത്തി.
സെപ്റ്റംബറിൽ മാത്രം ക്രൈസ്തവ പീഡനത്തിന്റെ നിരവധി കേസുകൾ ഉണ്ടായിരുന്നു. സെപ്റ്റംബർ ഒന്നിന്, ആഷെ സിങ്കിൽ ജില്ലയിലെ ഒരു പ്രൊട്ടസ്റ്റന്റ് സഭയിൽ പാസ്റ്റർമാർക്കുള്ള ഫെയ്ത്ത് ഹോം നിർമ്മാണത്തിന് നിരോധനം ഏർപ്പെടുത്തി. ഈ ഔദ്യോഗിക വസതി ഒരു സഭയാക്കി മാറ്റുവാൻ സാധ്യതയുള്ളതിനാൽ ആദ്യം സമൂഹത്തിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. പണിയുന്നത് ആലയമല്ല, ഔദ്യോഗിക വസതിയാണെന്ന് സഭാ ഭരണാധികാരി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ആഷെ സിഗിൽ ജില്ലാ സർക്കാർ അനുമതി നൽകാൻ വിസമ്മതിച്ചു.
സെപ്റ്റംബർ 13 ന്, ബെകാസി റീജൻസിയിലെ റെസിഡൻസ് കോട്ട സെറാങ് ബാറുവിലെ ഹ്യൂറിയ ക്രിസ്റ്റൻ ബടക് പ്രൊട്ടസ്റ്റന്റ് (എച്ച്കെബിപി) സഭയിലെ ആരാധന ക്രൂരമായി നിർത്തിച്ചു. പകർച്ചവ്യാധി കാരണം അല്പം പേർ മാത്രം ആരാധനയിൽ പങ്കെടുത്തിരുന്നുള്ളൂ. പെട്ടെന്നുതന്നെ, ഒരു കൂട്ടം ആളുകൾ ഉള്ളിലേക്ക് തള്ളിക്കയറി ആരാധനയെ ശല്യപ്പെടുത്തുകയും ചെയ്തു. പാസ്റ്ററെയും അവിടെയുണ്ടായിരുന്നവരെയും പുറത്താക്കുന്നതിനുമുമ്പ് അവർ സ്പീക്കറുകൾ ഉപയോഗിച്ച് ഉച്ചത്തിലുള്ള സംഗീതം ആലപിച്ചു.
ഒരാഴ്ചയ്ക്ക് ശേഷം, സെപ്റ്റംബർ 20 ന്, ബെകാസി ജില്ലയിലെ ജോങ്ഗോൾ ഉപജില്ലയിലുള്ള പെന്തക്കോസ്ത് സഭയിലെ ആരാധന, ഒരു കൂട്ടം ആക്രമകാരികൾ മുടക്കി. സഭക്കാരും ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പ്രദേശവാസികളും തമ്മിൽ തർക്കം ഉടലെടുത്തു. ഇതേത്തുടർന്ന്, ആ സഭയെ ആരാധന നടത്തുന്നതിന് നാട്ടുകാർ വെച്ച വിലക്ക് തുടരുന്നു.
അടുത്ത ദിവസം, സെപ്റ്റംബർ 21, മൊജോകെർട്ടോ റീജൻസിയിലെ എൻഗാറ്റെമി വില്ലേജിൽ ഒരു ക്രിസ്ത്യാനി-സുമർണി-
യുടെ വീടിന്റെ നവീകരണം തടസ്സപ്പെടുത്തി. ഗ്രാമത്തലവനാണ് നിരോധനം പുറപ്പെടുവിച്ചത്. കെട്ടിടത്തിൽ കുരിശിന്റെ ചിഹ്നം ഘടിപ്പിച്ച് വീട് പുതുക്കിപ്പണിയാൻ സുമർണിയെ അനുവദിച്ചിട്ടില്ലെന്ന് ഗ്രാമത്തലവൻ കത്തിൽ പറയുന്നു. വീട്ടിൽ പ്രാർത്ഥനകൾ നടത്താനും വിലക്കുണ്ട്. ക്രിസ്തീയ പ്രവർത്തനങ്ങൾ പ്രാദേശിക അസ്വസ്ഥതകൾക്ക് കാരണമായെന്ന് ഗ്രാമം അവകാശപ്പെടുന്നു.
“ഇന്തോനേഷ്യൻ പൗരന്മാരായ ഞങ്ങൾക്ക് ഭരണഘടനാ അവകാശങ്ങൾ ബാധകമാണെന്ന് തോന്നുന്നില്ല. മുസ്ലീം തീവ്രവാദ ഗ്രൂപ്പുകൾ സർക്കാരിന്റെ അധികാരത്തിന് മുകളിൽ നൃത്തം ചെയ്യുന്നത് തുടരുകയാണ്”. ജസ്റ്റിസ് ആന്റ് പീസ് മേഖലയിലെ പിജിഐ (കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡോനേഷ്യ) ൽ നിന്നുള്ള ഹെൻഡ്രി ലോക്ര അടുത്തിടെ ഐസിസിയോട് പറഞ്ഞു, “ക്രിസ്ത്യാനികളായ ഞങ്ങൾ പൗരന്മാരെന്ന നിലയിൽ
നിലവിലുള്ള ഭരണഘടനയിൽ ഉറച്ചുനിൽക്കാൻ ഇന്തോനേഷ്യ റിപ്പബ്ലിക് സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഹെൻഡ്രി തുടർന്നു, “അതുകൊണ്ടാണ് ഇന്തോനേഷ്യയിലെ എല്ലാ സഭകളുടെയും പ്രതിനിധികൾ എന്ന നിലയിൽ പ്രസിഡന്റ് ജോക്കോ വിഡോഡോയ്ക്ക്, ‘മുസ്ലീം വോട്ടുകളെക്കാൾ ഭരണഘടനാ മൂല്യങ്ങൾക്കു വിലകൽപ്പിക്കാൻ രാജ്യത്തെ പോലീസിനോടു കല്പിക്കണമെന്ന്’
പിജിഐ കത്തെഴുതിയിരിക്കുന്നത്”.