ഡബ്ളിൻ: കോവിഡ് രോഗബാധ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ടെലിവിഷനിലൂടെ ആണ് അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ആറാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപനം അറിയിച്ചത്. ഇതോടെ രണ്ടാമതും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്. ഇന്ന് മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരുന്നത്.
അവശ്യ സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് മാത്രം യാത്രാനുമതി നൽകിയിട്ടുണ്ട്. ഒപ്പം ഇവർക്ക് പ്രത്യേക യാത്ര ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വാഹനങ്ങളിൽ 25% പേരിലധികം അനുവദിക്കുകയില്ല. വീടിന് 5 കിലോമീറ്ററിനകത്ത് വ്യായാമം അനുവദിച്ചിട്ടുണ്ട്. എന്നാൽ, അതിനപ്പുറം പോകുന്നവർക്ക് പിഴ ഈടാക്കുന്നതാണ്. ബാറുകളും റസ്റ്റോറന്റുകളും നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇരുന്നു ഭക്ഷണം കഴിക്കാൻ പാടില്ല. ചില്ലറ വ്യാപാര ശാലകൾക്ക് തുറക്കാൻ അനുമതിയില്ല.
സ്കൂളുകൾക്ക് ലോക്ക്ഡൗൺ ബാധകമായിരിക്കില്ല. കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ രോഗം കാരണം നശിക്കില്ല എന്നുറപ്പുവരുത്താനാണ് സ്കൂളുകളും പഠനകേന്ദ്രങ്ങളും ശിശുപാലനകേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് സാമൂഹിക ഒറ്റപ്പെടൽ, മാനസികമായി പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ വേണ്ടി സോഷ്യൽ ബബിൾ സംവിധാനം ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് താമസിച്ചു മടുപ്പ് തോന്നുന്നവർക്ക് ഏതെങ്കിലുമൊരു കുടുംബവുമായി ഇടപെടാൻ സംവിധാനം ഒരുക്കുന്ന സ്ഥിതിയാണ് സോഷ്യൽ ബബിൾ എന്ന് പറയുന്നത്.