സിയോൾ: ബഹുരാഷ്ട്ര കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് ചെയര്മാന് ലീ കുന് ഹീ അന്തരിച്ചു. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണ വിവരം അറിയിച്ചത്. മരണ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2014 മുതല്‍ ചികിത്സയിലായിരുന്നു. എഴപത്തിയെട്ട് വയസ്സായിരുന്നു.
ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ സാംസങ്ങിനെ ലോകോത്തര കമ്പനിയാക്കി മാറ്റിയതില്‍ ലീയുടെ പങ്ക് നിര്‍ണായകമായിരുന്നു. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷമാണ് ലീ കുന് സാംസങ്ങിന്റെ തലപ്പത്തെത്തുന്നത്. പ്രദേശിക ബിസിനസില്‍ ഒതുങ്ങിയിരുന്ന സാംസങ്ങ് തുടര്‍ന്നങ്ങോട്ട് ലോകത്തെ ഏറ്റവും പ്രബലമായ ബിസിനിസ് ഗ്രൂപ്പായി മാറുകയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് 2014 മുതല്‍ മകന് ലീ ജെയ് യോങ്ങാണ് കമ്പനിയെ നയിക്കുന്നത്.
ദക്ഷിണ കൊറിയയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് സംഭാവന ചെയ്യുന്നുണ്ട് സാംസങ്. ബ്ലൂംബര്‍ഗ് ഇന്‍ഡക്സ് കണക്കെടുപ്പില്‍ ഇരുപത് ബില്യണ്‍ ആസ്തിയോടെ ദക്ഷിണ കൊറിയയിലെ അതിസമ്പന്നരില്‍ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ലീ. 2005ല്‍ ടൈം മാഗസിന്റെ ലോകത്തെ സ്വധീനിച്ച നൂറ് വ്യക്തികളുടെ കൂട്ടത്തിലും ലീ ഉണ്ടായിരുന്നു.