കൊളംബോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ഹോട്ടലുകളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പതിനായിരത്തോളം പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ശ്രീലങ്കയിലെ മുന്‍ ഇന്റലിജന്‍സ് മേധാവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 300-ഓളം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 8,000 പോലീസുകാരുള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 10,000 പേര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് ആ സമയത്തെ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസസ് (എസ്.ഐ.എസ്) ഡയറക്ടറായ നിളന്ദ ജയവര്‍ധനെ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുവാനായി നിയോഗിക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിക്ക് മുന്‍പാകെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് വെളിപ്പെടുത്തിയത്.
2019 ഏപ്രില്‍ 21നാണ് കൊളംബോയിലെ രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും, ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലും, മൂന്നു ഹോട്ടലുകളിലും തീവ്രവാദികള്‍ ബോംബാക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 45 വിദേശികള്‍ ഉള്‍പ്പെടെ 300 പേരോളം കൊല്ലപ്പെട്ടു. കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ പ്രതിനിധിയായി എന്‍ക്വയറിയില്‍ പങ്കെടുത്ത ഷാമില്‍ പെരേരയുടെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് മുന്‍ ഇന്റലിജന്‍സ് മേധാവി ഈ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഏപ്രില്‍ 21ന് നടന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് ഏപ്രില്‍ 4-ന് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ജയവര്‍ധന പറഞ്ഞു. തന്റെ ഏജന്‍സി ഏപ്രില്‍ 20ന് തന്നെ വിദേശ എംബസിസകള്‍ക്കും, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണങ്ങളുടെ സൂത്രധാരനായ സഹ്രാന്‍ ഹാഷിമിനെ കുറിച്ച് അന്നത്തെ ശ്രീലങ്കന്‍ ഭരണകൂടത്തിന് 2019 ജനുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും, എന്നാല്‍ സഹ്രാനെ പിടിക്കുവാന്‍ ഉത്തരവിടുന്നതിന് പകരം, അധികാരികൾ നിസംഗത കാണിക്കുക മാത്രമാണ് ചെയ്തെന്നും ജയവര്‍ധനയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. ഐഎസ് അനുകൂല സംഘടനയായ സഹ്രാന്‍ ഹാഷിമിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ജെ.ടി) ആണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പിന്നീട് വ്യക്തമായിരുന്നു.