ബകാമുന, ശ്രീലങ്ക: ശ്രീലങ്കയിൽ പോലീസും ബുദ്ധ സന്യാസിമാരും ഒരു പാസ്റ്ററെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതനായതായി “ബർണബാസ് ഫണ്ട്” പറയുന്നു.
ഒക്ടോബർ 18 ഞായറാഴ്ച, ശ്രീലങ്കയിലെ പോളോണാറുവ ജില്ലയിലുള്ള ബകാമുനയിലെ പാസ്റ്ററുടെ വീട്ടിൽ പോലീസ് എത്തി, ഉടൻ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പോലീസ് ഉത്തരവിട്ടു. (സുരക്ഷാ കാരണങ്ങളാൽ ബർണബാസ് ഫണ്ട് അദ്ദേഹത്തിന്റെ പേര് രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു).
പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ച് പാസ്റ്റർ പോലീസ് സ്റ്റേഷനിൽ പോയി. സ്റ്റേഷനിൽ വച്ച് ബുദ്ധ സന്യാസിമാർ തിങ്ങി നിറഞ്ഞ ഓഫീസിലേക്ക് തന്നെ കൊണ്ടുപോയി. പാസ്റ്ററുടെ പള്ളി അംഗങ്ങളുടെ പട്ടിക കൈവശം വച്ചു കൊണ്ട് സന്യാസിമാർ പാസ്റ്റർക്കെതിരെ നിരവധി ഭീഷണികൾ ഉന്നയിക്കുകയും അദ്ദേഹത്തിന്റെ ശുശ്രൂഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബർണബാസ് ഫണ്ടിന്റെ അഭിപ്രായത്തിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പാസ്റ്ററുടെ സഭ സമാനമായ ഭീഷണികൾ നേരിടുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ ഈ ഭീഷണികളുടെ വെളിച്ചത്തിൽ, തന്റെ ശുശ്രൂഷ തൽക്കാലത്തേക്ക് നിർത്തിവയ്ക്കുവാൻ പാസ്റ്റർ തീരുമാനിച്ചു.
ശ്രീലങ്കയിലെ മൊത്തം ജനസംഖ്യയുടെ 8% ക്രിസ്ത്യാനികളാണെന്നും നിരന്തരമായ പീഡനങ്ങളും പ്രാദേശിക എതിർപ്പുകളും നേരിടുന്നതായും ‘ബർണബാസ് ഫണ്ട്’ റിപ്പോർട്ട് ചെയ്യുന്നു. “പലപ്പോഴും ഈ പീഡനങ്ങളും എതിർപ്പുകളും ബുദ്ധസന്യാസിമാരാണ് നയിക്കുന്നത്”.