ലണ്ടൻ: വധഭീഷണി നേരിടുന്ന പാകിസ്ഥാനിലെ 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിക്ക് യുകെ അഭയം നൽകണമെന്ന് മതസ്വാതന്ത്ര്യത്തിനായ് പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടന ആവശ്യപ്പെട്ടു. തന്റെ വിശ്വാസം ഉപേക്ഷിക്കുവാനും വിവാഹം കഴിക്കുവാനും നിർബന്ധിക്കുകയും ആക്രമിക്കുകയും ചെയ്ത ഒരാളിൽ നിന്ന് ആ പെൺകുട്ടി ഇപ്പോഴും വധഭീഷണി നേരിടുന്നു.
ചാരിറ്റി എയ്ഡ് ടു ചർച്ച് ഓഫ് നീഡ് പ്രകാരം പാകിസ്ഥാനിലെ
പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള മരിയ ഷഹബാസിനെ, മുഹമ്മദ് നകാഷ് എന്നയാൾ ഏപ്രിൽ മാസത്തിൽ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി, മറ്റു രണ്ട് പേർക്കൊപ്പം കൂട്ടമാനഭംഗത്തിനിരയാക്കി ആക്രമണം ചിത്രീകരിച്ചു. തുടർന്ന് കൂട്ടബലാത്സംഗത്തിനിരയായതിന്റെ വീഡിയോ ഓൺലൈനിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അവളെ ബ്ലാക്ക്മെയിൽ ചെയ്യുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
മരിയയുടെ കുടുംബം അവളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, ഒരു വർഷം മുമ്പ് 13 വയസുള്ളപ്പോൾ താൻ അവളെ വിവാഹം കഴിച്ചുവെന്ന് കാണിക്കുന്ന വിവാഹ സർട്ടിഫിക്കറ്റാണ് നകാഷ് കോടതിയിൽ ഹാജരാക്കിയത്. ലാഹോർ ഹൈക്കോടതി നകാഷിന് അനുകൂലമായി വിധി പ്രസ്താവിച്ചു.
തട്ടിക്കൊണ്ടുപോയി നാലുമാസത്തിനുശേഷം മരിയ ഓടി രക്ഷപ്പെട്ടു. ഇസ്ലാം ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് നകാഷ് ഇപ്പോഴും വധഭീഷണി മുഴക്കുന്നുണ്ട്. പാക്കിസ്ഥാനിലെ തീവ്രവാദികൾ ഇങ്ങനെയുള്ളവരെ വിശ്വാസത്യാഗിയായി കണക്കാക്കുന്നുവെന്നും കാണുന്ന ആദ്യ അവസരത്തിൽ തന്നെ അവളെ കൊല്ലുമെന്നും മരിയയുടെ അഭിഭാഷകൻ സുമേര ഷാഫിക് പറഞ്ഞു.
മരിയയെ യുകെയിൽ താമസിക്കാൻ അനുവദിക്കണമെന്ന നിവേദനത്തിലാണ് ചർച്ച് ടു നീഡ് പ്രതികരിച്ചത്. മരിയയുടെയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി പ്രവർത്തിക്കേണ്ടത് അടിയന്തിരമാണെന്ന് എ.സി.എൻ. യുകെ ദേശീയ ഡയറക്ടർ നെവിൽ കിർക്ക്-സ്മിത്ത് പറഞ്ഞു. “അവർ ഗുരുതരമായ അപകടത്തിലാണ്. പ്രവർത്തിക്കാൻ ഞങ്ങൾക്ക് മന:സാക്ഷിയുടെ കടമയുണ്ട്”. “മരണ ഭീഷണികളിൽ നിന്ന് മുക്തമായി, അവളുടെ ജീവിതം പുനർനിർമ്മിക്കാൻ വേണ്ടി മരിയയ്ക്ക് അഭയം നൽകണമെന്ന് ഞങ്ങൾ യുകെ സർക്കാരിനോട് ആവശ്യപ്പെടുന്നു” ഷാഫിക് പറഞ്ഞു.
കുടുംബത്തിന് 24 മണിക്കൂർ പോലീസ് സംരക്ഷണം നൽകാൻ ലാഹോർ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആളുകൾ വീടുതോറും പോയി കുടുംബത്തെ വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് അയൽക്കാർ മുന്നറിയിപ്പ് നൽകി. സമാനമായ പല സംഭവങ്ങളും പാകിസ്ഥാനിൽ ആവർത്തിക്കുന്നുണ്ട്.