കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചിയിലെ റെയിൽവേ കോളനിയിൽ നിന്നു തട്ടിക്കൊണ്ടുപോയി നിർബ്ബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ച പതിമൂന്നു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി ആര്‍സൂ രാജയുടെ കേസില്‍ നവംബര്‍ അഞ്ച് വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.
ഇതു സംബന്ധമായി സിന്ധ് ഹൈക്കോടതി നടത്തിയ വിധി പുനഃപരിശോധിക്കണമന്നാവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്മെന്റ് കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്‍പേഴ്സണ്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. ആര്‍സൂവിന്റെ കേസ് ബാലവിവാഹത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കോടതി വിധി പുനഃപരിശോധിക്കണമെന്നും, ഇക്കാര്യത്തില്‍ കോടതിക്ക് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും, പെൺകുട്ടിക്ക് നീതി ലഭിക്കുവാന്‍ കോടതിയാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിന്ധ് ഗവണ്മെന്റ് (ജി.ഒ.എസ്) കോടതിയെ സമീപിക്കുമെന്ന് സര്‍ദാരി വ്യക്തമാക്കിയതായാണ് ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. പി.പി.പിയുടെ നേതൃത്വത്തിലുള്ള സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍ 2013-ല്‍ ബാല വിവാഹം നിരോധിച്ചുകൊണ്ടുള്ള സിന്ധ് ചൈല്‍ഡ് മാര്യേജ് ആക്ട് പാസ്സാക്കിയിട്ടുള്ളതാണെന്നും നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ പാര്‍ട്ടി പോരാടുമെന്നും സര്‍ദാരിയുടെ ട്വീറ്ററില്‍ പറയുന്നു. ആര്‍സൂവിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേര്‍ക്ക് കറാച്ചിയിലെ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സര്‍ദാരിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആര്‍സൂവിനെ വിവാഹിതനായ അലി അസ്ഹര്‍ എന്ന നാല്പ്പതുകാരന് തട്ടിക്കൊണ്ടുപോയത്. ആര്‍സൂവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും, ആര്‍സുവിന് 18 വയസ്സ് തികഞ്ഞെന്നും, അവള് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും, സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും പ്രഖ്യാപിക്കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് ഭര്‍ത്താവ് ഹാജരാക്കിയിട്ടുണ്ടെന്ന മറുപടിയായിരുന്നു രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പോലീസിൽ നിന്ന് ലഭിച്ചത്. എന്നാല്‍ ഈ വാഗ്വാദങ്ങള്‍ക്കെതിരെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി കുടുംബം രംഗത്തുവന്നെങ്കിലും ഇത് ചെവികൊള്ളാന്‍ കോടതിയും തയാറായിരുന്നില്ല.
ഇതേ തുടര്‍ന്നു കോടതി മുറ്റത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സ്വന്തം അമ്മക്കരികിലേക്ക് ഓടാന്‍ തുനിഞ്ഞ ആര്‍സൂവിനെ ഭർത്താവെന്ന് അവകാശപ്പെടുന്ന അലി അസ്ഹര്‍ ബലമായി പിടിച്ചുനിറുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മകളെ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കോടതി മുറ്റത്ത് വാവിട്ട് കരയുന്ന ആര്‍സൂവിന്റെ അമ്മയുടെ ദയനീയ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലേ പെണ്‍കുട്ടിയുടെ മോചനം ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രതിഷേധ ധര്‍ണ്ണയിലേക്ക് പ്രവേശിക്കുകയായിരിന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍സൂവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റാലികള്‍ നടന്നു.
വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു തട്ടിക്കൊണ്ടു പോയി മതം മാറ്റിയ പ്രതിയ്ക്കൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ച സിന്ധ് ഹൈക്കോടതി പൊതു സമൂഹത്തില്‍ നിന്നുയര്‍ന്ന വ്യാപക പ്രതിഷേധത്തെ തുടര്‍ന്നു നിലപാടില്‍ അയവു വരുത്തി. പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നവംബര്‍ അഞ്ചിന് അനുകൂല വിധി ലഭിക്കുവാന്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്ക് ക്രൈസ്തവര്‍. ആര്‍സൂവിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ബാല വിവാഹവും പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. പാക്ക് ക്രൈസ്തവർ നേരിടുന്ന മതപീഡനത്തില്‍ ഐക്യരാഷ്ട്ര സഭയും, പ്രമുഖ മനുഷ്യാവകാശ സംഘടനകളും നിഷ്ക്രിയരാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
ഓപ്പണ്‍ ഡോഴ്സിന്റെ 2020-ലെ പട്ടികയനുസരിച്ച് ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ അഞ്ചാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.