ജനീവ: കോവിഡ് വാക്സിനുകളുടെ പരീക്ഷണ ഫലങ്ങൾ പ്രതീക്ഷകൾക്കു വക നൽകിത്തുടങ്ങവെ, സുന്ദരസ്വപ്നങ്ങൾ കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ച ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസാണ് ജനീവയിൽ ആഹ്വാനം നടത്തിയത്.
കോവിഡ് വാക്സീനുകൾ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ മനുഷ്യരിലേക്ക് എത്തുമെന്ന ഉറച്ച പ്രഖ്യാപനങ്ങൾ പകരുന്ന ആശ്വാസത്തിലാണ് ലോകം. സ്വകാര്യസ്വത്തായി കാണാതെ വാക്സീന് സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വാക്സീനുകൾ തയാറാകും മുൻപു തന്നെ 160 കോടി ഡോസ് വാങ്ങാൻ വിവിധ കമ്പനികളുമായി ഇന്ത്യ ധാരണയുണ്ടാക്കി കഴിഞ്ഞു. ഇതു ലഭിച്ചാൽ 80 കോടിയോളം പേർക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സാമൂഹിക പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) ലഭിക്കാൻ ഇതു മതിയാകുമെന്നു വിലയിരുത്തപ്പെടുന്നു.
ഓക്സ്ഫഡ് വാക്സീൻ (കോവിഷീൽഡ്) 50 കോടിയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ, യുഎസ് കമ്പനിയായ നോവാവാക്സ് (100 കോടി), റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ (10 കോടി) എന്നിവയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലെത്തും. ഇതിനു പുറമേയാണ് ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും തദ്ദേശീയ വാക്സീനുകൾ. ഫൈസർ വാക്സീൻ ചൊവ്വാഴ്ച മുതൽ ബ്രിട്ടനിൽ നൽകിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. സ്കോട്‍ലാൻഡിലായിരിക്കും ആദ്യ കുത്തിവയ്പ് നടത്തുക. വയോജന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമായിരിക്കും ആദ്യം നൽകിത്തുടങ്ങുക.