ഇസ്ലാമബാദ്: നിർബന്ധിത വിവാഹവും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നതും പരിശോധിക്കാൻ ഒരു പ്രത്യേക കേന്ദ്രം ആരംഭിക്കുന്നുവെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചതായി യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് (യു.സി.എ.എൻ) റിപ്പോർട്ട് ചെയ്തു.
ഡിസംബർ 16 ന് പ്രസിദ്ധീകരിച്ച ട്വീറ്റിലാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മതകാര്യങ്ങളുടെ പ്രത്യേക സഹായി ഹാഫിസ് താഹിർ അഷ്‌റഫി ഇക്കാര്യം അറിയിച്ചത്. “ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു പ്രത്യേക ഏകോപന കേന്ദ്രം സ്ഥാപിച്ചു,” അഷ്‌റഫിയുടെ ട്വീറ്റ് പറയുന്നു. നിർബന്ധിത മതപരിവർത്തനം, പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ എന്നിവയിൽ രാജ്യത്ത് പരിഭ്രാന്തരാകാൻ ആരെയും അനുവദിക്കില്ല എന്നും അദ്ദേഹം അറിയിച്ചു.
മരിയ ഷഹ്ബാസ്, ആർസൂ രാജ തുടങ്ങിയ ചെറിയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിപ്പിച്ചതിനു ശേഷം രാജ്യത്ത് ഉയർന്ന പ്രക്ഷോഭങ്ങളും പ്രതിഷേങ്ങളും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനുണ്ടാക്കിയ പ്രതിച്ഛായയാകാം ഇത്തരമൊരു നടപടിക്ക് പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്.