ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ട് യുവ ക്രിസ്ത്യൻ പെൺകുട്ടികളെ അവർ ജോലിചെയ്യുന്ന വീട്ടിലെ ഉടമസ്ഥർ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി യുവതികളുടെ ബന്ധു പരാതിപ്പെട്ടു. ബന്ധുക്കളായ രണ്ടു പേരുടെ വീട്ടിലെ സാധാരണ ജോലിക്കാരായിരുന്നു മഹാം മൻസൂർ (18) അനും മർസൂർ (20). ഇവരെ നിർബ്ബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്നും ക്രിസ്ത്യൻ ബന്ധുക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും ഇവരുടെ അമ്മായി നസ്രീൻ ബീബിയാണ് മോർണിംഗ് സ്റ്റാർ ന്യൂസിനോടു പറഞ്ഞു. “പോലീസും കോടതികളും ഞങ്ങൾക്ക് അനുകൂലമല്ല”, അവർ തുടർന്നു.
അഞ്ച് വർഷം മുമ്പ് സഹോദരൻ മരിച്ച ശേഷം പെൺകുട്ടികളുടെ അമ്മ അവരെ ഉപേക്ഷിച്ചപ്പോൾ ബീബിയും ഭർത്താവും രണ്ട് സഹോദരിമാരുടെയും സംരക്ഷകരായി. ചർച്ച് ഓഫ് പാക്കിസ്ഥാനിൽ അംഗമായ ബീബി രണ്ട് സഹോദരിമാർക്ക് മുസ്ലീം വീടുകളിൽ മുഴുസമയ വീട്ടുജോലി കണ്ടെത്തി. അവർ സ്വയം അദ്ധ്വാനിച്ച് ജീവിക്കട്ടെയെന്ന് കരുതിയാണ് അങ്ങനെ ചെയ്തതത്രേ. “ഇസ്ലാം മതം സ്വീകരിക്കുന്നതിനെക്കുറിച്ച് ഇരുവരും ഒന്നും പറഞ്ഞിരുന്നില്ല,” അവർ പറഞ്ഞു.
ഡിസംബർ 7 ന് താൻ ക്രിസ്മസിനെക്കുറിച്ച് ആവേശത്തിലാണെന്ന് അനും അവളോട് പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിനായി രണ്ട് സഹോദരിമാരെയും അടുത്ത ദിവസം ഷോപ്പിംഗിന് കൂട്ടിക്കൊണ്ടുപോകാൻ ബീബി പദ്ധതിയിട്ടിരുന്നു. ഡിസംബർ 8 ന് ബീബി ആദ്യം മഹാമിനെ കൂടിക്കൊണ്ടുവരാൻ പോയി. പക്ഷേ വീട്ടിൽ ആളുണ്ടായിരുന്നിട്ടും ഇല്ലാത്തതുപോലെ അടച്ചിട്ടിരുന്നു. മുസ്ലീം ദമ്പതികളായ മുഹമ്മദ് അസിമും ഭാര്യ അസ്മയും “അവൾ ഇസ്ലാം മതം സ്വീകരിച്ചതായും ആരെയും കാണാൻ ആഗ്രഹിക്കുന്നില്ലെന്നും” പറഞ്ഞ് മഹാമിനെ കാണാൻ വിസമ്മതിച്ചു. ഇവരുമായി ബന്ധമുള്ള അനുമിന്റെ തൊഴിലുടമ മുഹമ്മദ് അസ്മത്തിൽ നിന്ന് ബീബിക്ക് ” ഇനിയും അവളെ തേടിച്ചല്ലേണ്ടതില്ലെ”ന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പോലീസും സമൂഹവും ഇപ്രകാരമുള്ള കാര്യങ്ങളിൽ ഇരകൾക്കൊപ്പം നിൽക്കാറില്ല. പാകിസ്ഥാനിൽ ന്യൂനപക്ഷ പീഢനം വർദ്ധിച്ചു വരികയാണ്.