ഫൈസര്‍ വാക്‌സിന്‍ എടുത്ത നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു: കരുതലുകൾ കുറയ്ക്കരുതെന്ന് വിദഗ്ദ്ധർ

ലണ്ടൻ: കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം മൂന്നാഴ്‌ച്ച കഴിഞ്ഞപ്പോൾ വെയിൽസിലെ ഒരു നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. വാക്സിനേഷൻ കൊണ്ട് കാര്യമില്ലെന്നതിന്റെ തെളിവാണിതെന്ന് വാക്സിൻ വിരുദ്ധർ; ഇതോടെ പ്രതിരോധശേഷി കിട്ടാൻ കുത്തിവയ്‌പ്പ് കഴിഞ്ഞാലും ആഴ്‌ച്ചകൾ വേണ്ടിവരുമെന്ന് മെഡിക്കൽ സംഘം വിശദീകരണവുമായി രംഗത്തെത്തി.

കുത്തിവയ്പിന് ശേഷം ശരീരത്തിൽ പ്രതിരോധ ശേഷി വർദ്ധിക്കുവാൻ ആഴ്‌ച്ചകളോളം വേണ്ടിവരും എന്നാണ് ഇത് കാണിക്കുന്നത് എന്നാണ് വിദഗ്ദർ പറയുന്നത്. ഫൈസർ വാക്സിന്റെ രണ്ടാം ഗഡു എടുക്കുവാനായി കാത്തിരിക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അവർ പറഞ്ഞു. ഹൈവെൽഡാ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡ് ഏരിയയിലാണ് ഇവർ ജോലി ചെയ്യുന്നത്.

അതേസമയം, വാക്സിൻ സ്വീകരിക്കുന്നവർ ഇപ്പോഴെടുക്കുന്ന മുൻകരുതലുമൾ ഒഴിവാക്കരുതെന്ന് വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. സംരക്ഷണം ഉണ്ടെങ്കിൽ പോലും വൈറസ് നമുക്ക് ചുറ്റും തന്നെയുണ്ടെന്ന വിചാരത്തിലായിരിക്കണം ജീവിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വാക്സിനും നൂറുശതമാനം ഉറപ്പ് നൽകുന്നില്ല, മറിച്ച് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Comments (0)
Add Comment