ബുഡാപെസ്റ്റ്: ക്രിസ്തീയ വിശ്വാസത്തിന് ടെക്ക് കമ്പനികൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരികയാണെന്ന് ഹംഗറിയുടെ നീതി കാര്യവകുപ്പ് മന്ത്രി ജൂഡിത്ത് വർഗ. ക്രൈസ്തവരുടെയും യാഥാസ്ഥിതികരുടെയും പോസ്റ്റുകളും പ്രൊഫൈലും അടക്കമുള്ളവ ജനങ്ങളിൽ എത്താതിരിക്കാൻ രഹസ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ടെക്ക് കമ്പനികളുടെ നടപടിയ്ക്കെതിരെയാണ് ജൂഡിത്ത് രംഗത്തു വന്നത്. ട്വിറ്റർ തലവനായ ജാക്ക് ഡോർസി ഇതിനെപ്പറ്റി തന്റെ കമ്പനിയിലെ ജീവനക്കാരുമായി സംസാരിക്കുന്ന വീഡിയോ ക്ലിപ്പിന്റെ കാര്യവും മന്ത്രി പോസ്റ്റിൽ പരാമർശിച്ചു.
പാശ്ചാത്യ സംസ്കാരത്തിന്റെ അടിസ്ഥാനമായുള്ള പല ജനാധിപത്യ മര്യാദകളും ലംഘിക്കുന്ന ടെക്ക് കമ്പനികൾ ക്രൈസ്തവർക്ക് നേരേയും, വലതുപക്ഷ ചിന്താഗതികൾ ഉള്ളവർക്ക് നേരെയും നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുടെ ഇരകളിൽ ഒരാളാണ് താനെന്ന് ജൂഡിത്ത് വെളിപ്പെടുത്തി. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയതിന് പിന്നാലെ വന്ന ഈ പ്രതികരണം ശ്രദ്ധേയമാണ്. മെക്സിക്കൻ പ്രസിഡൻറ് ആന്ധ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡാർ, ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ എന്നിവരും ടെക്ക് കമ്പനികൾക്കെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ടെക്ക് കമ്പനികളുടെ ഇത്തരം നടപടികളെ ഏകാധിപത്യ പ്രവണതയായാണ് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോവിഡ് വാക്സിനില്‍ ഭ്രൂണാവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നു എന്ന് റിപ്പോർട്ട് നൽകിയ ലൈഫ്സൈറ്റ് ന്യൂസിന്റെ ചാനല്‍ യൂട്യൂബ് ബ്ലോക്ക് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പിലാക്കാൻ ഹംഗറിയുടെ സമീപ രാജ്യമായ പോളണ്ടും തയ്യാറെടുക്കുകയാണ്.