അസ്മാര, എറിട്രിയ: വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർ അധികമായി പീഡിപ്പിക്കപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായ എറിട്രിയയുടെ തലസ്ഥാന നഗരമായ അസ്മാരയ്ക്ക് സമീപമുള്ള മൂന്നോളം ജയിലുകളിൽ നിന്നായി 27 സ്ത്രീകളെയും 43 പുരുഷ തടവുകാരെയും ഫെബ്രുവരി 1-ഓടെ വിട്ടയച്ചു. തെരുവിലൂടെ നടന്നപ്പോൾ പരസ്യമായി ദൈവത്തെ ആരാധിച്ചതിന് തടവിലാക്കപ്പെട്ട 6 സ്ത്രീ തടവുകാരെ ജനുവരി 27 ന് മോചിപ്പിച്ചിരുന്നു. രണ്ട് മുതൽ 12 വർഷം വരെ കുറ്റമോ വിചാരണയോ കൂടാതെ തടവിലാക്കപ്പെട്ടിരിക്കയായിരുന്നു ഇവർ.
മത സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. “വിശ്വാസം അഥവാ മതം കാരണം ഏകപക്ഷീയമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടനടി നിരുപാധികമായി മോചിപ്പിക്കാൻ എറിത്രിയയെ സമ്മർദ്ദത്തിലാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു” എന്ന് സിഎസ്‌ഡബ്ല്യുവിന്റെ സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് വെളിപ്പെടുത്തിയിരുന്നു.