ടോക്കിയോ: തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളിലേക്ക് വിദേശികളെ സ്വീകരിക്കാന്‍ അനുവദിക്കുന്ന കരട് നിയമത്തിന് ജപ്പാന് മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്തി പുതിയ രണ്ട് വിസാ കാറ്റഗറികള്‍ നിര്‍ണയിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം. നിലവില്‍ ജപ്പാനിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് വളരെ കുറിച്ച് തൊഴിലാളികളെ സ്വീകരിക്കാന്‍ മാത്രമേ അനുമതിയുള്ളൂ.
നിര്‍മാണം, കൃഷി, ആരോഗ്യം എന്നീ മേഖലകളിലേക്ക് വിദേശികളായ അവിദഗ്ധ തൊഴിലാളികളെ സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. വിദേശ തൊഴിലാളികളെ രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് വിസ അനുവദിക്കുക. അല്പം വൈദഗ്ധ്യത്തിനു പുറമെ, ജാപ്പനീസ് ഭാഷ വശമുണ്ടെങ്കില്‍ ഈ വിഭാഗക്കാര്‍ക്ക് കുടുംബത്തെ കൊണ്ടുവരാം. ഉയര്‍ന്ന യോഗ്യതയും വൈദഗ്ധ്യവുമുള്ളവരാണ് രണ്ടാമത്തെ വിഭാഗത്തില്‍. ഇവര്‍ക്ക് ക്രമേണ ജപ്പാനില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
കരടുനിയമം ഇനി ജപ്പാന് പാര്‍ലമെന്റ് അംഗീകരിക്കണം. എന്നാല്‍ രാജ്യത്തെ വേതനത്തെ ബാധിക്കുമെന്നും കുറ്റകൃത്യങ്ങള്‍ കൂടുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നുണ്ട്.
ജനനനിരക്ക് കുറഞ്ഞതും നിലവിലെ തൊഴിലാളികള്‍ക്ക് പ്രായമേറിയതുമാണ് ജപ്പാനില്‍ തൊഴിലാളിക്ഷാമത്തിനു കാരണം.
ജീവനക്കാരുടെ ക്ഷേമം നേരിടുന്നതിന് നേപ്പാളില്‍നിന്നും മറ്റും യുവാക്കളെ വിദ്യര്‍ഥി വിസയില്‍ കൊണ്ടുവെന്ന് ജോലിയെടുപ്പിക്കുകയാണ് വ്യാപാര സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഔദ്യോഗിക രേഖകളില്‍ വിദ്യാര്‍ഥികളായി തുടരുന്ന ഇവരെ ട്രെയിനികളായി ഷോപ്പുകളില്‍ നിയമിക്കുന്നത്. മറ്റു രാജ്യങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിന് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ജപ്പാനിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. രാജ്യത്തെ ഇമിഗ്രേഷന്‍ നിയമങ്ങളെ അട്ടിമറിക്കുന്നതല്ല കരടു ഭേദഗതിയെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അവകാശപ്പെട്ടു. നൈപുണ്യമുള്ളവരേയും ഉടന്‍ തന്നെ അത്യാവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ തയാറുള്ളവരേയും മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം ജനപ്രതിനിധികളുടെ യോഗത്തില്‍ പറഞ്ഞു.