റോം: ഇറ്റലിക്ക് ഇനി പുതിയ പ്രധാന മന്ത്രി. ഇറ്റാലിയൻ പ്രധാന മന്ത്രിയായി മാരിയോ ദ്രാഗി ചുമതലയേറ്റു. രാജ്യത്ത് ആഴ്ചകളായി തുടർന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യം കുറിച്ചാണ് ദ്രാഗി അധികാരത്തിൽ എത്തുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടർന്നു ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ മരണമടഞ്ഞ ഇറ്റലിയിൽ ആരോഗ്യ മേഖല ഉൾപ്പെടെ വൻ പ്രതിസന്ധിയും കനത്ത വെല്ലുവിളികളെ നേരിട്ടപ്പോഴാണ് ദ്രാഗിയുടെ വരവ്. പ്രധാനമന്ത്രി ജസേപ്പേ കോന്തെയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യത്തിൽ നിന്ന് ഇറ്റാലിയ വിവ പാർട്ടി പിൻമാറിയതോടെയാണ് ഇറ്റലി രാഷ്ട്രീയ പ്രതിസന്ധിയിലായത്. ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി ജസേപ്പേ കോന്തെ കഴിഞ്ഞ 26ന് രാജിവയ്ക്കുകയായിരുന്നു.
73 കാരനായ ദ്രാഗി മുൻപ് രാജ്യത്തിന്റെ സാമ്പത്തിക വിദഗ്ധൻ കൂടി ആയിരുന്നു. 2011 മുതൽ 2019 വരെ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം 2005 മുതൽ ആറുവർഷം ബാങ്ക് ഓഫ് ഇറ്റലിയുടെ ഗവർണറായും സേവനമനുഷ്ഠിച്ചു. 2009 മുതൽ 2011 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
2012 ൽ യൂറോയെ വലിയ തകർച്ചയുടെ വക്കിൽനിന്നു കരകയറ്റിയതു ദ്രാഗിയുടെ നിലപാടുകളാ യിരുന്നു.